തൃശൂർ : ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാനും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ മിഷന്‍.

ക്ഷേമപെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് തുടങ്ങിയ ക്ഷേമപദ്ധതികളുടെ വ്യാപനം, കൃഷി, മൃഗപരിപാലനം, ചെറുകിട സംരംഭങ്ങള്‍, വിപണനം, വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമുള്ള മറ്റ് ഉപജീവനപദ്ധതികള്‍ എന്നിവയ്ക്ക് ഗ്രാമകം ഊന്നല്‍ നല്‍കും. ഗ്രാമങ്ങള്‍ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, പരിസര മലിനീകരണം, ജീവിതശൈലി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുക, പ്രകൃതി വിഭവങ്ങളുടെ സംരംക്ഷണം വികസനം എന്നിവയും ഗ്രാമകത്തിന്‍റെ ഭാഗമാണ്. 

സാധാരണക്കാരായവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയും സമൂഹത്തിന്‍റെ പൊതുവായ പുരോഗതിക്ക് ആവശ്യമായ വികസനാവശ്യങ്ങള്‍ കണ്ടെത്തിയും തയ്യാറാക്കുന്ന ദാരിദ്ര്യ ഗ്രാമീണ ലഘൂകരണ പദ്ധതിയായാണ് ഗ്രാമകം വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി രൂപീകരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രാമകത്തിന് മുന്നോടിയായുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ക്ക് ജനുവരി മൂന്നിന് തുടക്കമായി.

ജനുവരി 16നകം വാര്‍ഡ് അംഗങ്ങളുടെയും ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്)യുടെയും നേതൃത്വത്തില്‍ എഡിഎസ് തല പ്ലാനുകള്‍ തയാറാകും. ജനുവരി 26ന് 86 ഗ്രാമപഞ്ചായത്തുകളിലെയും കമ്യൂണിറ്റി ഡവലപ്മെന്‍റ് സൊസൈറ്റി (സിഡിഎസ്) കള്‍ ക്രോഡീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിക്കും.

സി.‍ഡി.എസ് ചെയര്‍ പഴ്സണ്‍മാരാണ് പ്രാദേശിക ദാരിദ്ര്യലഘുകരണ പദ്ധതികള്‍ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി ജില്ലയിലെ 86 സി.ഡി.എസുകളിലും അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 1464 എഡിഎസുകളിലെ ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം പുരോഗമിക്കുന്നു. ജനുവരി ഒന്‍പതിനകം അയല്‍ക്കൂട്ടതല പ്ലാനുകള്‍ തയാറാകും.