തണ്ണീർത്തടങ്ങൾ നികത്തുന്നതിന് ചാവക്കാട് നഗരസഭ കേന്ദ്രീകരിച്ചു റാക്കറ്റ് പ്രവർത്തിക്കുന്നു – ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് കെ വി സത്താർ
ചാവക്കാട് : മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ചാവക്കാട് നഗരസഭാ ഭരണസമിതി വൻ പരാജയം. തണ്ണീർത്തടങ്ങൾ നികത്തുന്നതിന് നഗരസഭ കേന്ദ്രീകരിച്ചു ഒരു റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താർ. വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച കെട്ടിടങ്ങളുടെ പേരിലാണ് വികസന മുന്നേറ്റം എന്ന അവകാശവാദം. ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത വിധം സാമ്പത്തികമായി തകർന്ന നഗരസഭയാണ് ചാവക്കാട് നഗരസഭയെന്നും അദ്ദേഹം പറഞ്ഞു.
സ്വജനപക്ഷപാതവും അഴിമതിയുമാണ് മുദ്രാവാക്യം. അനധികൃത നിർമ്മാണങ്ങൾക്കും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് നഗരസഭ നടത്തികൊണ്ടിരിക്കുന്നത്. ഒട്ടനവധി സംഭവങ്ങൾ മുന്നിലുണ്ടെന്നും പ്രസ്ഥാവനയിൽ പറയുന്നു. മുൻവർഷങ്ങളിൽ പണികഴിപ്പിച്ച കെട്ടിടങ്ങളിൽ നിന്ന് പോലും വരുമാനം കണ്ടെത്തുവാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുഉള്ള പദ്ധതികൾ നടപ്പിലാക്കുന്നുവെന്നല്ലാതെ സ്വന്തമായ ഒരു പദ്ധതിയും ഈ രണ്ടു വർഷത്തിനിടയ്ക്ക് നഗരസഭയിൽ നടപ്പിലാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
ചാവക്കാട് നഗരസഭയുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം, ടൗൺഹാൾ പുനരധിവാസ പാക്കേജ് ആയി പ്രഖ്യാപിച്ച മുട്ടിൽ ഫ്ലാറ്റ് സമുച്ചയം, പൂക്കളം പദ്ധതിതുടങ്ങിയ വലിയ പദ്ധതികൾ തുടർഭരണം ലഭിച്ചിട്ട് പോലും നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ് നഗരസഭയുടേത്. നടപ്പിലാക്കിയിട്ടുള്ള പദ്ധതികളിൽ വലിയ അഴിമതികൾ നടന്നിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം.
നഗരസഭ മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങൾ ഉയർന്നിട്ടു പരിഹാരം കണ്ടിട്ടില്ല. അതുമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചാവക്കാടിനെ വെട്ടി മുറിക്കുന്ന രീതിയിലുള്ള ഫ്ലൈ ഓവർ വിഷയത്തിലും നഗരസഭ ജനങ്ങൾക്കൊപ്പം നിൽക്കാതെയാണ് വിഷയം കൈകാര്യം ചെയ്തിഉള്ളത്.
നഗരസഭയുടെ വരുമാനം വർധിപ്പിക്കാനുള്ള യാതൊരു നീക്കവുമില്ല.
ആർക്കും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണ് നഗരസഭയുടെ രണ്ടുവർഷത്തെ ഭരണ മേന്മയെന്ന ആക്ഷേപവും പ്രസ്ഥാവനയിൽ ഉണ്ട്. പ്രസ്താവന കുറിപ്പ് നു പുറമെ മേല്പറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
Comments are closed.