Header

ലോക കേരള സഭ പിരിച്ചു വിടണം – ഇൻകാസ് (ദുബായ്) സംസ്ഥാന സെക്രട്ടറി

ചാവക്കാട് : പ്രവാസി സമൂഹത്തിന് യാതൊരുവിധത്തിലുള്ള പ്രയോജനവുമില്ലാത്ത ലോകകേരളസഭ പിരിച്ചുവിടണമെന്നും കഴിഞ്ഞ രണ്ടു സഭകളും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനോ പുതിയ ക്ഷേമപദ്ധതികൾ ക്ക് രൂപം നൽകാനോ സാധിക്കാത്തതിനാൽ ഈ സഭ പൂർണ്ണമായ പരാജയം ആണെന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലി ആരോപിച്ചു. 2016 ൽ നടന്ന കേരള മഹാസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.പ്രവാസി ലോകത്തെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു തൊഴിൽ ലഭിക്കുന്നത് വരെ നൽകുമെന്ന് പ്രഖ്യാപിച്ച തൊഴിൽ നഷ്ട സുരക്ഷാപദ്ധതി ആറു മാസത്തെ ശമ്പളവും, സ്പെഷ്യൽ പെൻഷനും നാളിതുവരെ ആയിട്ടും ലഭിച്ചിട്ടില്ല. ഇതിന് വേണ്ട യാതൊരു നടപടികളും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ജോബ് പോർട്ടൽ വാഗ്ദാനം നടപ്പാക്കിയില്ല. ഗൾഫുനാടുകളിൽ ചിലവുകുറഞ്ഞ പബ്ലിക് സ്കൂളുകൾ, വാടക കുറഞ്ഞ റസിഡൻഷ്യൽ ടൗൺഷിപ്പ്, ലേഡീസ് ഹോസ്റ്റലുകൾ, പ്രവാസികൾക്കായി മികച്ച ചികിത്സാസൗകര്യങ്ങൾ, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സർക്കാരിന്റെ മോഹനവാഗ്ദാനങ്ങൾ പ്രവാസികൾ മറന്നിട്ടില്ല. വീണ്ടും വീണ്ടും പ്രഖ്യാപനങ്ങൾ നടത്തിപ്ര വാസികളെ വിഡ്ഢികളാക്കുകയാണ് കേരള സഭയിലൂടെ സർക്കാർ ചെയ്യുന്നതെന്ന് സാദിഖ് അലി ചൂണ്ടിക്കാട്ടി.

കോവിഡ് മൂലം ദുരിതമനുഭവിച്ചവർ, ജീവൻ നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ ഇവർക്ക് വേണ്ടി സർക്കാർ എന്താണ് ഇതുവരെ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പ്രവാസി വ്യവസായികളിൽ നിന്ന് മേലാളന്മാർക്ക് ഫണ്ട് പിരിവിനുള്ള വേദിയാക്കി കേരള സഭയെ മാറ്റുന്നതായി അദ്ദേഹം ആരോപിച്ചു. പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങൾ പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

thahani steels

Comments are closed.