mehandi banner desktop
Chavakkad online

മന്ദലാംകുന്ന് വെള്ളക്കെട്ട്: അടിയന്തിര പരിഹാരം തേടി കളക്ടറെ കണ്ട് ജനപ്രതിനിധികൾ

Ft

ചാവക്കാട്: മന്ദലാംകുന്ന് ഡിവിഷനിലെ എ.കെ.ജി റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധി സംഘം ജില്ലാ കളക്ടറെ സന്ദർശിച്ച് നിവേദനം നൽകി.

Jan oushadi

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരിയുടെ നേതൃത്വത്തിലാണ് സംഘം കളക്ടറേറ്റിലെത്തിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഹർബാൻ, മന്ദലാംകുന്ന് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആബിദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

എ.കെ.ജി റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നത് സ്കൂൾ വിദ്യാർത്ഥികളെയും രോഗികളെയും സാരമായി ബാധിക്കുന്നു. ഡ്രെയിനേജ് സംവിധാനത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

അടിയന്തിരമായി ഇടപെട്ട് ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സംഘം കളക്ടറോട് ആവശ്യപ്പെട്ടു. വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി ജനപ്രതിനിധികൾ അറിയിച്ചു.

Comments are closed.