ചാവക്കാട് നഗരസഭയിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ചെയർപേഴ്സൺ എ. എച്ച്. അക്ബർ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എച്ച്. സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി ദിലീപ്. സ്വാഗതം ആശംസിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധത്തെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസും തുടർനടപടികൾക്കുള്ള മാർഗനിർദ്ദേശങ്ങളും നൽകി. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും പ്രതിരോധ മരുന്നുകളുടെ വിതരണവും ക്ലാസിൽ ചർച്ചയായി.ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. യതീന്ദ്രദാസ് (വികസനകാര്യം), ലിഷാ മത്രംകോട്ട് (ക്ഷേമകാര്യം), സുബൂറ (പൊതുമരാമത്ത്), കെ. പി. രഞ്ജിത്ത് കുമാർ (വിദ്യാഭ്യാസ-കലാകായിക കാര്യം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നഗരസഭയിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി നിരവധിപേർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും എലിപ്പനിക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ജാഗ്രത ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു.


Comments are closed.