അത്യാഹിത വിഭാഗം ഉൾപ്പെടെ നാലു നില കെട്ടിടം പുതിയ ഒ പി ബ്ലോക്ക് – ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് 10.56 കോടി അനുവദിച്ചതായി മന്ത്രി വീണ ജോർജ്ജ്
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. എൻ കെ അക്ബർ എം എൽ എ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സൗകര്യങ്ങളുൾപ്പെടുത്തി നാല് നിലയിലുള്ള പുതിയ കെട്ടിടം വരുന്നതോടെ ചാവക്കാട് താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടം സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻ കെ അക്ബർ എം എൽ എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിലെ വിവിധ ബ്ലോക്കുകൾ സന്ദർശിച്ച് മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി.
കുട്ടികളുൾപ്പെടെയുള്ള രോഗികളിൽ നിന്നും മന്ത്രി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ വിഭാഗം ഡയറകടർ ഡോ.കെ ജെ റീന, ചാവക്കാട് താലൂക്ക് സൂപ്രണ്ട് ഷാജ് കുമാർ, നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.
Comments are closed.