ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം പ്രമേയമാക്കി കനേഡിയൻ ഫലസ്തീൻ കവയത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ റഫീഫ് സിയാദ രചിച്ച “വി ടീച്ച് ലൈഫ് സർ” എന്ന കവിത ചൊല്ലിയാണ് നദാൽ ഒന്നാം സ്ഥാനം നേടിയത്. അധ്യാപകനായ നൗഫൽ ചേറ്റുവയുടെയും ആയുർവ്വേദ ഡോക്ടറായ ഫാത്തിമയുടെയും മകനായ നദാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പ്രസംഗിച്ച് മുഖ്യമന്ത്രിയുടെയും മറ്റും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ നടന്ന ഉപജില്ലാ കാലോത്സവത്തിൽ നാടകത്തിൽ മികച്ച നടനായും മലയാള പ്രസംഗത്തിലും ഇംഗ്ലീഷ് കവിതയിലും ഒന്നാം സ്ഥാനം നേടുകയും ഇംഗ്ലീഷ് പ്രസംഗത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

കുട്ടന്റെ ഷിനിഗാമി, മലയാളി ഫ്രം ഇന്ത്യ, ഏഴ് നിറമുള്ള സ്വപ്നം എന്നീ സിനിമകളിൽ അഭിനയിച്ച നദാൽ ഇപ്പോൾ കാട്ടാളൻ എന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനായ പി.ബി സജീവ് മാഷും മറ്റ് അധ്യാപകരും നിറഞ്ഞ പിന്തുണയാണ് നദാലിന് നൽകിക്കൊണ്ടിരിക്കുന്നത്.

Comments are closed.