മണത്തല മുല്ലത്തറയിൽ മഴയിൽ ദേശീയ പാത തകർന്നു

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്‌ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ നീളത്തിൽ രണ്ടായി പിളർന്നാണ് കുഴിയുണ്ടായത്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

മീറ്ററുകൾക്കപ്പുറം വ്യാഴാഴ്ച മുല്ലത്തറ ജംഗ്ഷനിൽ റോഡിനടിയിലെ പൈപ്പിൽ നിന്നും വെള്ളം വന്ന് റോഡ് കുഴിയായി. ഓട്ടോറിക്ഷ കുഴിയിൽ വീണു ഓട്ടോ ഡ്രൈവറുടെ തലക്ക് പരിക്കേറ്റു, തലയിടിച്ച് ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ് തകർന്നു. കുഴിയിൽ വീണ ഓട്ടോയുടെ മുൻചക്രത്തിന്റെ ഷാഫ്റ്റ് ഒടിഞ്ഞു. മണത്തല സ്വദേശി രാജേന്ദ്ര കുമാറിന്റെ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ശക്തമായ മഴയും വെള്ളകെട്ടും ഉണ്ടായിരുന്നതിനാൽ റോഡിലെ കുഴി തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. പിന്നീട് ക്രെയിൻ കൊണ്ടുവന്നാണ് ഓട്ടോറിക്ഷ വർക്ക് ഷോപ്പിൽ എത്തിച്ചത്.
എന്നാൽ റോഡിനടിയിലെ പൈപ്പ് എന്തിന്റെ താണെന്നു വ്യക്തമായിട്ടില്ല. റോഡിനടിയിൽ കിടക്കുന്ന പൈപ്പ് മുല്ലത്തറയിൽ അവസാനിക്കുകയാണെന്ന് കുഴിയടക്കാൻ വന്ന ജീവനക്കാർ പറഞ്ഞു. സ്റ്റോപ്പർ ഒന്നും ഇല്ലാതെ തുറന്ന് കിടക്കുകയായിരുന്നു. ഉപയോഗിക്കാതെ കിടക്കുന്ന പൈപ്പിൽ വെള്ളം വന്നതെന്ന് എങ്ങിനെയെന്നും വ്യക്തമായിട്ടില്ല. പിന്നീട് സ്റ്റോപ്പർ ഇട്ട് അടിച്ചതിനു ശേഷം കുഴി മൂടുകയായിരുന്നു.
കുഴിയും തകർന്ന റോഡും വെള്ളിയാഴ്ച ഉച്ചയോടെ അടച്ചുവെങ്കിലും വാഹനങ്ങൾ കയറി ഇറങ്ങിയതോടെ വീണ്ടും കുഴി ആയിട്ടുണ്ട്.

Comments are closed.