മനം മടുപ്പിക്കുന്ന കാഴ്ചയായി ഇനി ബസ്റ്റാൻഡിലില്ല – കരീംഷായെ സന്നദ്ധപ്രവര്‍ത്തകര്‍ ചാവക്കാട് താലൂക് ആശുപത്രിയിലേക്കു മാറ്റി
ചാവക്കാട്: ബസ് സ്റ്റാന്‍ഡിലെത്തുന്ന പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മനം മടുപ്പിക്കുന്ന കാഴ്ചയായി തിരുവത്ര സ്വദേശി വെളിയംകോട് വീട്ടില്‍ കരീംഷാ(65) ഇനി അവിടെയുണ്ടാവില്ല. കരീംഷായെ സന്നദ്ധപ്രവര്‍ത്തകരും ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗവും സാമൂഹികക്ഷേമവകുപ്പും ചേര്‍ന്ന് ശനിയാഴ്ച ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളായി ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുകയായിരുന്ന കരീംഷാ അടുത്തിടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. ഇതോടെ സന്നദ്ധ പ്രവര്‍ത്തകനും ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകനുമായ നിഷാദ് ബ്ലാങ്ങാട്, പാലയൂര്‍ ജീവകാരുണ്യപ്രവര്‍ത്തനസമിതി ഡയറക്ടര്‍ സി.എല്‍. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ കരീംഷായെ കുളിപ്പിച്ച് വസ്ത്രം മാറ്റി ചാവക്കാട് താലൂക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കരീംഷായുടെ കാര്യത്തില്‍ അധികാരികള്‍ നടപടിയെടുക്കാത്തതില്‍ പരിസരത്തെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ മാല രമണന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശംഭു, കൗണ്‍സിലര്‍ കെ.വി.ഷാനവാസ് എന്നിവരും കരീംഷായെ ആശുപത്രിയിലേക്കു മാറ്റാന്‍ സ്ഥലത്തെത്തിയിരുന്നു. ഭാര്യയും മക്കളുമുണ്ടെങ്കിലും കരീംഷായെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ് നഗരസഭാ അധികൃതര്‍ വിവരം ധരിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്ന് പറയുന്നു. ആരോഗ്യം വീണ്ടെടുത്താല്‍ പോലീസിന്റെയും നഗരസഭയുടെയും സഹകരണത്തോടെ കരീംഷായെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റും.
Comments are closed.