പത്തു കസേര മാത്രം-പുന്നയൂരിൽ കോവിഡ് വാക്സിനേഷൻ ഇഴഞ്ഞു നീങ്ങുന്നു-വയോധികർ ഉൾപ്പെടെ നൂറുകണക്കിന് പേർ ദുരിതത്തിൽ
എടക്കഴിയൂർ : എടക്കഴിയൂരിലെ പുന്നയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. ഇരുന്നൂറ് പേരാണ് ഇന്ന് വാക്സിനെഷനായി ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാവിലെ ഒൻപതു മണിമുതൽ ആരംഭിച്ച വാക്സിനേഷൻ ഉച്ചക്ക് ഒരുമണിയായിട്ടും അറുപതു സ്ലോട്ട് പിന്നിട്ടിട്ടില്ല.
മലപ്പുറം ജില്ലയിൽനിന്ന് ഉൾപ്പെടെയുള്ളവർ അതിരാവിലെ തന്നെ പ്രാതൽ പോലും കഴിക്കാതെ ഇവിടെ എത്തിയവരിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷണം പോലും ലഭിക്കാതെ പ്രമേഹ രോഗികളായ വയോധികർ നട്ടം തിരിയുകയാണ്. പതിനഞ്ചു മിനുട്ടിൽ നൂറിലധികം എൻട്രികൾ മറ്റു വാക്സിനേഷൻ സെന്ററുകളിൽ നടക്കുമ്പോഴാണ് ഇവിടെ അഞ്ചു മണിക്കൂർ പുന്നിട്ടിട്ടും അറുപതു എൻട്രികൾ മാത്രം നടക്കുന്നത്.
വാക്സിനേഷൻ കഴിഞ്ഞവർ ഇരുപത് മിനിറ്റ് ഒബ്സർവേഷന് ശേഷമേ പുറത്ത് പോകാൻ കഴിയുകയുള്ളൂ. ഒബ്സർവേഷന് ഇരിക്കുന്നവർക്ക് വേണ്ടി പത്തു കസേരകളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ഇരുപതു മിനിറ്റ് കഴിഞ്ഞ് മാത്രമാണ് അടുത്ത പത്തുപേരെ വാക്സിനെഷന് വേണ്ടി വിളിക്കുന്നത്. കൂടുതൽ കസേരകൾ ഇട്ട് ഒബ്സർവേഷൻ സൗകര്യം വിപുലപ്പെടുത്തിയാൽ വാക്സിനെഷൻ വേഗത്തിൽ തീർക്കാൻ കഴിയും എന്നിരിക്കെ 200 പേർക്ക് വാക്സിൻ നൽകാനുള്ള യാതൊരു തയ്യാറെടുപ്പും സ്വീകരിക്കാത്തതാണ് വാക്സിനേഷൻ ഇഴഞ്ഞു നീങ്ങാൻ കാരണം.
ആദ്യ ഡോസിനു 180 സ്ലോട്ടും, രണ്ടാം ഡോസിനു 20 സ്ലോട്ടും ഉൾപ്പെടെ 200 പേര് രജിസ്റ്റർ ചെയ്തതിൽ നൂറിലധികം പേര് വാക്സിൻ സ്വീകരിക്കാൻ കാത്തിരിപ്പിലാണ്.
വാക്സിനെഷന് വന്നവരോട് ജീവനക്കാരിൽ ചിലർ ദാർഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന പരാതിയും ഉണ്ട്.
Comments are closed.