ഒരുമനയൂർ ബോംബ് സ്ഫോടനം – വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി റോഡിലേക്കെറിഞ്ഞു
കരിങ്കല്‍ച്ചീളും കുപ്പിച്ചില്ലും വെടിമരുന്നും തുണിയില്‍ കൂട്ടിക്കെട്ടിയതാണ് ഈ ബോംബ്
ചാവക്കാട് : ഒരുമനയൂരിൽ റോഡിലേക്ക് ബോംബ് എറിഞ്ഞത് മാതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പ്രതി മസ്താന്‍ ഷെഫീഖ്. വീട്ടില്‍ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്തതോടെ മദ്യലഹരിയില്‍ ഷെഫീക്ക് ബോംബ് റോഡിലേക്ക് എറിയുകയായിരുന്നു. ചാവക്കാട് ഒരുമനയൂര്‍ ആറാം വാര്‍ഡ് ശാഖാ റോഡിലാണ് ഇന്നുച്ചയ്ക്ക് രണ്ടേകാലോടെ ഉഗ്ര ശബ്ദത്തോടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രദേശവാസികള്‍ കണ്ടത് റോഡില്‍ പുക ഉയരുന്നതതാണ്. ഉടന്‍ ഇവര്‍ ചാവക്കാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മണ്ണുത്തി സ്വദേശിയും രണ്ടു വര്‍ഷമായി ഒരുമനയൂരിലെ താമസക്കാരനുമായ ഷെഫീക്ക് പിടിയിലാകുന്നത്.
നേരത്തെ 20 ലധികം കേസുകളില്‍ പ്രതിയാണ് മസ്താന്‍ ഷെഫീഖ്. എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതില്‍ മണ്ണുത്തി സ്റ്റേഷനില്‍ ഷെഫീക്കിന്റെ പേരില്‍ കേസുണ്ട്. നാലുമാസം മുമ്പ് ബോംബ് നിര്‍മിച്ച് വീടിനുമുകളില്‍ സൂക്ഷിക്കുകയായിരുന്നു. ഇതേ ചൊല്ലി ഇന്ന് മാതാവുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ മദ്യ ലഹരിയില്‍ ആയിരുന്ന ഷെഫീക്ക് ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഷെഫീക്കിന്റെ വീട്ടില്‍ തൃശ്ശൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് സംഘമെത്തി പരിശോധന നടത്തി. കരിങ്കല്‍ച്ചീളും കുപ്പിച്ചില്ലും വെടിമരുന്നും തുണിയില്‍ കൂട്ടിക്കെട്ടിയാണ് നാടന്‍ ബോംബ് നിര്‍മ്മിച്ചത്.
Comments are closed.