Header

Palliative care|കൈകോർക്കാം, ഒത്തുചേരാം …രോഗവും വേദനയുമില്ലാത്ത സമൂഹത്തിനായി

✍️ ഫസ്ന ഹൈദരലി( സാമൂഹ്യ പ്രവർത്തക)

പാലിയേറ്റീവ് കെയർ എന്ന ആശയം വർഷങ്ങളായി കേട്ടുവരുന്നവരാണ് നമ്മൾ ഓരോരുത്തരും. പ്രത്യേകിച്ച് ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്. ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാരയിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ആളുകൾ കൂടുന്നിടതെല്ലാം പോസ്റ്ററുകളും സംഭാവനകൾക്കായുള്ള ബക്കറ്റുകളും കൊണ്ട് എങ്ങും ഞങ്ങൾ പാലിയേറ്റീവ് പ്രവർത്തകരുണ്ടാകും. പൊതുവേ ഈ ദിവസം മോശമായി പെരുമാറുന്നവർ കുറവാണ്, ഇല്ലെന്നും പറയാം. എന്തോ ! രോഗവും മറ്റു അപകടങ്ങളും മരണവും ഒഴിവാക്കാനാവാത്ത സത്യമായിരിക്കെ, ഒരിക്കൽ തങ്ങളും ഈ സേവനത്തിന് അർഹരായേക്കാമെന്ന തോന്നൽ കൊണ്ടാവാം.

കാലങ്ങളായി വീടിനുള്ളിൽ ചികിത്സയിൽ കഴിയുന്നവർ, കാൻസർ രോഗികൾ, അരക്ക് കീഴ്പ്പോട്ട് തളർന്നു പോയവർ, ഓട്ടിസം, മറ്റു മാനസിക വെല്ലുവിളി അനുഭവിക്കുന്നവർ ഇവർക്കെല്ലാം വീട്ടിലെത്തി വേണ്ട ശുശ്രൂഷയും പരിചരണവും നൽകിവരുന്നവരാണ് പാലിയേറ്റീവ് കെയറുകൾ.  രോഗികളിൽ പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ ഉള്ള പരിഗണനകൾ   പാലിയേറ്റീവ് സംവിധാനങ്ങളിൽ ഇല്ല എന്നുള്ളത് മനോഹരമായ ഒന്നാണ്. ഒരു രോഗം വന്നാൽ പാവപ്പെട്ടവനും പണക്കാരനും അനുഭവിക്കുന്ന വേദന ഒന്നുതന്നെയാണ്. ഇവിടെ മനുഷ്യത്വം എന്നത് മാത്രമാണ് ആധാരം. പലപ്പോഴും ഓരോ നാട്ടിലെയും കൂട്ടായ്മയായി കൂടിയാണ് ഓരോ പാലിയേറ്റീവ് കെയറുകളും പ്രവർത്തിച്ച് വരുന്നത്. പ്രായഭേദമന്യേ ഈ സംവിധാനത്തിൽ വളണ്ടിയർമാരായി പ്രവർത്തിച്ച് വരുന്നവരുണ്ട്. ഹോം കെയർ, ഡേ കെയർ, ഡോക്ടർ കെയർ, വോളൻ്റിയർ കെയർ, ഫാർമസി, സൈക്യാട്രി തെറാപ്പി, കൗൺസിലിങ്, ഒ.പി എന്നി സേവനങ്ങളും റിഹാബിലിറ്റേഷൻ ഭാഗമായി രോഗികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും അതുവഴി അവരുടെ ജീവിത നിലവാരം ഉയർത്താനുമുള്ള വിവിധ തരം തൊഴിൽ പരിശീലനങ്ങളും പാലിയേറ്റീവ് കെയറുകൾ നടത്തി വരുന്നുണ്ട്. കൂടാതെ രോഗികളെയും അവരുടെ കുടുംബങ്ങളെയും ഉൾപെടുത്തി മറ്റു സംസ്കാരിക പരിപാടികൾ, യാത്രകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ മാനസിക ഉല്ലാസത്തിനും പാലിയേറ്റീവ് കെയറുകൾ പ്രധാന്യം നൽകുന്നു. 400ൽ പരം രോഗികളെ പരിചരിക്കുന്ന ഒരു പാലിയേറ്റീവ് കെയർ  സംവിധാനത്തിന് നേഴ്സ്, ഡോക്ടർ, മരുന്ന്, വാഹനം, ഇന്ധനം തുടങ്ങി ഒരുമാസം നാല് ലക്ഷത്തിൽ കവിഞ്ഞ ചെലവ് വരുന്നുണ്ട് സർക്കാർ ഇതര പാലിയേറ്റീവ് കെയറുകൾക്ക്. ഈ ചെലവത്രയും പൂർണമായും സന്മനസ്സുള്ള ജനങ്ങളുടെ സഹായ സംഭാവനകൾ കൊണ്ട് മാത്രമാണ് പ്രവർത്തിച്ചു വരുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ നിങ്ങൾക്ക് ആവുന്ന വിധം സഹായിക്കുക. പണമായി മാത്രമല്ല മറ്റു സഹായങ്ങളും നൽകാം. വോളൻ്റിയർ സേവനത്തിന് വരാൻ താൽപര്യം പ്രകടപ്പിക്കുവരെയും അത്യധികം സന്തോഷത്തോടെ, ഈ സംവിധാനത്തോട് ചേർത്ത് വെക്കും.

thahani steels

Comments are closed.