ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ജനകീയ പ്രതിരോധ കൺവെൻഷൻ

ചാവക്കാട് : ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാനുള്ള അധികാരികളുടെ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ടും പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ചക്കംകണ്ടത്ത് ജനകീയ പ്രതിരോധ കൺവെൻഷൻ സംഘടിപ്പിച്ചു.

ടാങ്കർ ലോറിയിൽ മാലിന്യ മൊഴുക്കാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും നാട്ടുകാരെ അണിനിരത്തി ജനവിരുദ്ധ നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും, പതിറ്റാണ്ടുകളായി ചക്കംകണ്ടം ജനത നേരിടുന്ന മാലിന്യ ദുരിതം ഇനിയും പരിഹരിച്ചില്ലെങ്കിൽ അതിശക്തമായ ജനകീയ സമരത്തെ നേരിടേണ്ടി വരുമെന്ന് കൺവെൻഷൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ വി. എം. മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പൗരാവകാശ വേദി ജില്ല പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം ജില്ല ചെയർമാൻ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒ. ജെ. ഷാജൻ മാസ്റ്റർ, പുഴ സംരക്ഷണ സമിതി ചെയർമാൻ അനിൽ ആതിര, കൗൺസിലർമാരായ കെ.എം. മെഹ്റൂഫ്, സുപ്രിയ രമേന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ജോസഫ് ബെന്നി, എൻ.ജെ. ലിയോ, സി.ടി. ബാബു, എ.ജെ. വർഗീസ്, ഫാമീസ് അബൂബക്കർ, ഹിഷാം കപ്പൽ, കെ. യു. കാർത്തികേയൻ, കമാലുദ്ദീൻ തോപ്പിൽ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡണ്ട് വർഗീസ് പാവറട്ടി സ്വാഗതവും, മുഹമ്മദ് സിംല നന്ദിയും പറഞ്ഞു.

Comments are closed.