ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ പോലീസ് പിടികൂടി

ചാവക്കാട്: ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ ചാവക്കാട് പോലീസ് പിടികൂടി. പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ് പിടിയിലായത് പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

ഈ മാസം പന്ത്രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മോഷണം നടന്ന പള്ളിയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പതിനഞ്ചു പതിനാറും വയസ്സുകാരാണ് പിടിയിലായത്. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരിയന്നൂരിൽ നിന്നും ഇതേരീതിയിൽ ബജാജ് പൾസർ ബൈക്ക് ഇവർ മോഷ്ടിച്ചിരുന്നു.
ഇരു ബൈക്കുകളും പൊലീസ് കണ്ടെടുത്തു.
ബൈക്ക് മോഷ്ടിച്ച് രൂപമാറ്റങ്ങൾ വരുത്തി അതേ ബൈക്കിൽ കറങ്ങി നടക്കലായിരുന്നു ഇവരുടെ പണി. ജൂവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ മൂന്നു പേരെയും ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടു.
ചാവക്കാട് മേഖലയിൽ ബൈക്ക് മോഷണം പതിവായതായി പരാതി. കഴിഞ്ഞ മാസം വെള്ളറക്കാട് സ്വദേശിയുടെ ബൈക്ക് ചാവക്കാട് നഗരത്തിൽ നിന്നും കളവ് പോയിരുന്നു. ബസ്റ്റാൻഡി നടുത്ത് സ്വകാര്യ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് കളവ് പോയത്. സമാന രീതിയിൽ ഇവിടെ നിന്ന് മുൻപും ബൈക്ക് കളവ് പോയിട്ടുണ്ടെന്ന് സെക്യുരിറ്റി ജീവനക്കാരൻ പറഞ്ഞു.

Comments are closed.