Header

പോലീസ് മർദനം – 85 വയസ്സുള്ള വൃദ്ധയും മകനും ആശുപത്രിയിൽ

ചാവക്കാട് : 85 വയസ്സുള്ള വൃദ്ധയെയും മകനെയും ചാവക്കാട് പോലീസ് വീട്ടിൽ കയറി മർദിച്ചതായി പരാതി. പരിക്കേറ്റ എടക്കഴിയൂർ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയിൽ വീട്ടിൽ അബ്ദുഹാജി ഭാര്യ ഖദീജ ( 85) മകൻ നൗഫർ (42) എന്നിവർ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സ തേടി.

നൗഫർ ന്റെ ജ്യേഷ്ഠൻ നാസറിനെതിരെ ചാവക്കാട് പോലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് സംഭവങ്ങൾ. കുറ്റിപ്പുറം ടു വീലർ വർക്ക്ഷോപ്പ് നടത്തുന്ന നാസറിനെതിരെ വാഹനം റിപ്പായറിങ്ന് നൽകിയിരുന്ന ബ്ലാങ്ങാട് സ്വദേശി ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നൗഫർ നെ പോലീസ് വിളിച്ചിരുന്നു. നാസർ കണ്ണൂരിലെ ഭാര്യ വീട്ടിലാണെന്നും വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ എന്നും നൗഫർ പോലീസിനെ അറിയിച്ചു. ഇന്നലെ പോലീസ് വീണ്ടും വിളിക്കുകയും നൗഫറിനോട് സ്റ്റേഷനിൽ ഹാജരാവാൻ പറയുകയും ചെയ്തു. എന്നാൽ ഡ്രൈവറായി ജോലി ചെയ്യുന്ന നൗഫർ തനിക്ക് മാത്‍സ്യത്തൊഴിലാളികളെ ഹാർബറിൽ കൊണ്ടുവിടേണ്ടതുണ്ടെന്നും ഇപ്പോൾ വരാൻ കഴിയില്ലെന്നും അറിയിച്ചു. എങ്കിൽ നിന്നെ വീട്ടിൽ വന്ന് കണ്ടോളാം എന്ന് ഭീഷണി മുഴക്കിയാണ് പോലീസ് ഫോൺ വെച്ചതെന്ന് നൗഫർ പറഞ്ഞു.

ഇന്ന് രാവിലെ പത്തുമണിയോടെ ചാവക്കാട് ഐ എസ് എച്ച് ഒ സെൽവരാജ്ന്റെ നേതൃത്വത്തിൽ പോലീസ് പരാതിക്കാരനുമായി വീട്ടിലെത്തി നൗഫറിനെ മർദിച്ചു. തടയാൻ ശ്രമിച്ച വൃദ്ധയായ മാതാവിനെയും പോലീസ് മർദിച്ചതായാണ് പരാതി.
ബഹളം കേട്ട് എത്തിയ നൗഫറിന്റെ ബന്ധുക്കളെ അസഭ്യം പറയുകയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തെന്ന് വീട്ടുകാർ പറഞ്ഞു.

നിയമപാലകരായ പോലീസിന്റെ ഇത്തരത്തിലുള്ള അതിക്രമത്തെ നിയമപരമായി തന്നെ നേരിടുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നൗഫറിന്റെ വീട്ടിൽ പോയതെന്നും വിവരങ്ങൾ അന്വേഷിച്ചപ്പോൾ വീട്ടുകാർ പോലീസിനോട് അപമര്യാദയായി പെരുമാറിയെന്നും ഐ എസ് എച്ച് ഒ കെ.എസ് സെൽവരാജ് അറിയിച്ചു.

thahani steels

Comments are closed.