ഗുരുവായൂരിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധം; അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ്

ഗുരുവായൂർ: നഗരത്തിൽ ദിവസങ്ങളായി തെരുവ് വിളക്കുകൾ കത്താത്തതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് നഗരം ഇരുട്ടിലാകാൻ കാരണമെന്ന് യോഗം കുറ്റപ്പെടുത്തി.

ഔട്ടർ റിംഗ് റോഡിൽ അമൃത പദ്ധതി പ്രകാരം സ്ഥാപിച്ച തെരുവ് വിളക്കുകൾ, റെയിൽവേ മേൽപ്പാലത്തിന് മുകളിലുള്ള ലൈറ്റുകൾ, നഗരത്തിലെ വിവിധ ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ ദിവസങ്ങളോളമായി പ്രകാശിക്കുന്നില്ല. ഈ സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ തെരുവ് വിളക്കുകളും അടിയന്തരമായി പ്രകാശിപ്പിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമസ്, ശശി പട്ടത്താക്കിൽ, രതീഷ് ബാബു, ബിജു ഓടാട്ട്, ഒ.പി. ജോൺസൺ, എ.കെ. ഷൈമിൽ എന്നിവർ സംസാരിച്ചു.


Comments are closed.