പുന്നയൂർ പഞ്ചായത്ത് ബോർഡ് യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു – പദ്ധതി തുകയുടെ മുഖ്യ പങ്കും വിനിയോഗിച്ചത് പഞ്ചവടിയിലെ അക്വാറിയത്തിലേക്കുള്ള റോഡുകൾക്ക് വേണ്ടി
പുന്നയൂർ: പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ചേർന്ന യോഗമാണ് സ്തംഭിപ്പിച്ചത്. രണ്ട് വർഷമായിട്ടും പ്രതിപക്ഷ അംഗങ്ങളായ എട്ട് പേർക്കും ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു യോഗം സ്തംഭിപ്പിച്ചത്. പൊതു ജനങ്ങളുടെ നികുതി പിരിച്ച് ലഭിക്കുന്ന പണം പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിനിയോഗിക്കേണ്ടതിന് പകരം പദ്ധതി തുകയുടെ മുഖ്യ പങ്കും പഞ്ചവടിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അക്വാറിയത്തിലേക്ക് പോകുന്ന വിവിധ റോഡുകൾക്ക് വകയിരുത്തിയത് വഴി പ്രസിഡണ്ട് ജനങ്ങൾക്ക് വേണ്ടിയല്ല കുത്തകകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഫണ്ട് വകയിരുത്താത്തതിൽ ജനങ്ങൾ പ്രതികരിക്കുമെന്നും യോഗം സ്തംഭിപ്പിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ അംഗം എം.വി ഹൈദരലി പറഞ്ഞു. മറ്റു അംഗങ്ങളായ സി അഷ്‌റഫ്, അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്ന ഷെജീർ, ഷെരീഫ കബീർ, ബിൻസി റഫീഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഐ.പി രാജേന്ദ്രൻ, മുനാഷ് മച്ചിങ്ങൽ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആർ.വി കബീർ ഫൈസി എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിപക്ഷ അംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ചെത്തി.
വൈസ് പ്രസിഡണ്ട് കെ.എസ് അൻസാർ ഹമീദ്, സെക്രട്ടറി എച്ച്.എം മുനീർ, ടി.എം നാസർ, കെ.എം നൗഷാദ്, കെ. എ ഷെഹീർ, അർഷാദ് പൂവത്തിങ്കൽ, കെ.ടി സവാദ്, മുഹമ്മദ് റയാൻ, ടി.കെ നൗഫൽ, കെ.എസ് സുഫൈൽ, ജംഷീർ, കെ.എച്ച് റിഷാദ് എന്നിവർ നേതൃത്വം നൽകി.
Comments are closed.