mehandi new

രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഴക്കോലും വരവടിയുമായി അശീതിയുടെ നിറവില്‍

fairy tale

ചാവക്കാട്‌: പ്രമുഖ സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് എണ്‍പതാം പിറന്നാള്‍. അദ്ധ്യാപകന്‍, കവി, ഗ്രന്ഥകാരന്‍, നിരൂപകന്‍, സംസ്കൃത പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം, ജാതി മത രാഷ്ട്രീയ ഭേദമന്യേ പൊതുജന സ്വീകാര്യനും കലാ സാസ്കാരിക മത പ്രഭാഷണ സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വവുമാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സ്നേഹ സദസ്സുകളില്‍ രാധാകൃഷ്ണന്‍ മാഷ്‌ നടത്താറുള്ള പ്രഭാഷണങ്ങളും സൌഹൃദ സന്ദേശങ്ങളും അദ്ദേഹത്തിന്‍റെ ബഹുമത പാണ്ഡിത്യത്തിന്‍റെ കുറിപ്പുകളാണ്.
പാവറട്ടിയിലെ കാക്കശ്ശേരിയില്‍ കുരുമാഞ്ചേരി കുഞ്ഞുണ്ണി നായരുടെയും പണ്ടാരത്തില്‍ കുഞ്ചുകുട്ടിയമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തമകനാണ് രാധാകൃഷണന്‍. ഇരുപത്തിയൊന്‍പതാം വയസ്സില്‍ ചാവക്കാട്‌ കോഴിക്കുളങ്ങര കോമരത്ത് വീട് അച്യുതന്‍നായരുടെ മകള്‍ ഇരുപത്തിമൂന്നുകാരി കണിയാശേരി വിലാസിനിയുമായി വിവാഹം.
മലയാളത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം പത്തൊന്‍പതാം വയസ്സുമുതല്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. കോഴിക്കോട് കുന്നമംഗലം ഹൈസ്കൂളിലെ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ അധ്യാപകനായി. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ചു.
പിന്നീട് എട്ടുവര്‍ഷം വടക്കേകാട് ഐ സി എ കോളേജില്‍ അധ്യാപകാനായി ജോലി ചെയ്തു.
ചാവക്കാട്‌ ഇസ്ലാമിയ കോളേജിന്‍റെ ആരംഭകാലം മുതലേ അധ്യാപകനായി ഇദ്ദേഹം സേവന മനുഷ്ടിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഭക്തപ്രിയ മാസികയുടെ പത്രാധിപ സമിതി അംഗം, കോഴിക്കുളങ്ങര ക്ഷേത്രം ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിക്കുന്നുണ്ട്.
ഉയരുന്ന ഒരാത്മാവ്( കഥകള്‍ ), വഴക്കില്ലല്ലോ, കവിയുടെ കണ്ണുനീര്‍(നാടകങ്ങള്‍), മഹാഭാരതം, രാമായാണം(ഗദ്യം), മഹാഭാരത പഠനങ്ങള്‍ (നിരൂപണം), ശയന പ്രദക്ഷിണം, ആന്തര സാമ്രാജ്യങ്ങള്‍ (കവിതാ സമാഹാരം), മുഴക്കോലും വരവടിയും(ലേഖനങ്ങള്‍) എന്നിവയാണ് ഇദ്ദേഹത്തിന്‍റെതായിട്ടുള്ള കൃതികള്‍.
ഗുരുശ്രീ അവാര്‍ഡ്‌, ഉറൂബ് അവാര്‍ഡ്‌, ശിവ പദ്മം അവാര്‍ഡ്‌, ശ്രുതി ദേവി പുരസ്കാരം എന്നിവയും അംഗീകാരമായി ലഭിച്ചിട്ടുണ്ട്.
ബോംബെ ടാറ്റ കണ്‍സല്‍ട്ടീസില്‍ വര്‍ക്ക്‌ ചെയ്യുന്ന മൂത്തമകന്‍ രാജീവ്‌, മലേഷ്യയില്‍ ജോലി ചെയ്യുന്ന നന്ദകുമാര്‍, നാട്ടില്‍ തന്നെ ബിസിസിനസ്സ് നടത്തുന്ന രതീഷ്‌ എന്നിവര്‍ കുടുംബത്തോടൊപ്പം അച്ഛന്‍റെ അശീതി ദിനം ആഘോഷിക്കാന്‍ കോഴിക്കുളങ്ങരയില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി വര്‍ക്ക്‌ ചെയ്യുന്ന ഇളയമകന്‍ ഹരിക്ക് അവധി ലഭിക്കാത്തതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനാവില്ല. കോഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ ഞായറാഴ്ച ബന്ധുമിത്രാദികള്‍ക്ക് സദ്യ ഒരുക്കിയതായി പത്നി വിലാസിനി പറഞ്ഞു.
ഞായറാഴ്ച നാലുമണിക്ക്‌ ഗുരുവായൂര്‍ ദേവരാഗം ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ പൌരാവലി ഒരുക്കിയിട്ടുള്ള എണ്‍പതാം പിറന്നാള്‍ ആഘോഷ വേദിയില്‍വെച്ച് രാധാകൃഷ്ണന്‍ കാക്കശേരിയുടെ ഏറ്റവും പുതിയ കൃതിയായ ‘ മുഴക്കോലും വരവടിയും ‘ പ്രകാശനം ചെയ്യും.

Ma care dec ad

Comments are closed.