
ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി ഇന്ന്‍ ചാവക്കാട് നഗരത്തിന്‍റെ കാവല്‍ക്കാരന്‍. ക്രിമിനലുകളില്‍നിന്നും, അക്രമികളില്‍നിന്നും, സാമൂഹ്യവിരുദ്ധരില്‍നിന്നും, കള്ളന്മാരില്‍നിന്നും നാടിനെയും നാട്ടുകാരെയും കാക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. നാടുറങ്ങുമ്പോഴും ഉണര്‍ന്നിരുന്ന്‍ ജനങ്ങള്‍ക്ക്‌മേല്‍ സുരക്ഷാവലയം തീര്‍ക്കുന്ന പോലീസ് ഓഫീസര്‍, എസ് ഐ സുരേന്ദ്രന്‍, കഥ പറയുന്ന സര്‍ഗ്ഗധനനായ സുരേന്ദ്രന്‍ മങ്ങാട്.
കാക്കിയുടുപ്പില്‍ കര്‍മ്മനിരതാനായിരിക്കെ ആദ്യനോവല്‍ ‘കര്‍മ്മം ക്രിയ’ 2007 ല്‍ പൂര്‍ണിമ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. 98ല്‍ പോലീസ് ജീവതത്തിന് തുടക്കം. 7വര്‍ഷമായി എസ് ഐ പദവിയില്‍ സേവനം തുടരുന്നു. രാവും പകലുമില്ലാതെ തിരക്കുപിടിച്ച പോലീസുദ്യോഗം. അര്‍ദ്ധരാത്രിയിലും പ്രഭാതോദയങ്ങളിലും ചിന്തകള്‍ താളമിടുന്ന വിരല്‍ത്തുമ്പില്‍ തൂലികയുടെ ദ്രുതചലനം.
വാരാദ്യ മാധ്യമം, ചന്ദ്രിക, കൈരളി തുടങ്ങിയ ആനുകാലികങ്ങളില്‍ സുരേന്ദ്രന്‍ മങ്ങാടിന്‍റെതായി വന്ന കഥകള്‍ക്ക് പ്രതികരണങ്ങള്‍ ഏറെ. ഏഴു കഥകള്‍ ഉള്‍കൊള്ളുന്ന ‘ അണികളിലൊരാള്‍ ‘ എന്ന ചെറുകഥാസമാഹാരം 2010ല്‍ കറന്‍റ്ബുക്സ് പ്രസിദ്ധീകരിച്ചു.
രാമചന്ദ്രന്‍ നായര്‍ സുലോചന ദമ്പതികളുടെ ആറാമത്തെ സന്തതിയായി അരിമ്പൂര്‍ പഞ്ചായത്തിലെ എറവ് എന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തില്‍ കുട്ടിക്കാലം. സ്കൂളില്‍ സംസ്കൃതമായിരുന്നു തിരഞ്ഞെടുത്തത്. നാട്ടിക എസ് എന്‍ കോളേജില്‍ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയും. പഠനകാലത്ത് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള കാല്‍നടയാത്രയില്‍ വായിക്കാനായി ‘പൗരധ്വനി’ കയ്യിലുണ്ടാകും. വീട്ടില്‍ അമ്മ പറയുന്ന കഥ കളും, വായനയുമാണ് മലയാള സാഹിത്യത്തില്‍ സുരേന്ദ്രന്‍ മങ്ങാടിന്‍റെ പിന്‍ബലം.
പഴയ തറവാടിനെക്കുറിച്ച് അമ്മ പറയാറുള്ള ചിത്രങ്ങളും, പോലീസ് ജീവിതാനുഭവങ്ങളും 39 കാരനായ സുരേന്ദ്രന്‍ മങ്ങാടിന്‍റെ ഏറ്റവും പുതിയ നോവലായ (30/07/2011) ‘ കാലത്തിന്‍റെ തലേവരകളില്‍ ‘ കാണാം. ‘ നീതിയുടെ അവകാശികള്‍ ’, ‘ലൌ ജിഹാദ്’, തുടങ്ങിയ ചെറുകഥകള്‍ പോലീസ് ജീവിതാനുഭവങ്ങളുടെ നേര്‍ പകര്‍പ്പുകളാണ്.
ഭാര്യ സ്മിത, മക്കളായ പത്ത് വയസ്സ്കാരി ശ്രദ്ധ, അഞ്ചു വയസ്സുകാരന്‍ ജിത്ത് സുരേന്ദ്രന്‍ എന്നിവര്‍ക്കിടയില്‍നിന്നും രാവിലെ 7.30നു യൂണിഫോമില്‍ പ്രവേശിച്ച് 8 മണിക്ക് സ്റ്റേഷനില്‍ എത്തിയിരിക്കും സമയനിഷ്ടയില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന എസ് ഐ സുരേന്ദ്രന്‍. ഉച്ചഭക്ഷണത്തിന്നായി അരമണിക്കൂര്‍. സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുടെ വ്യത്യസ്ഥ പ്രശ്നങ്ങളില്‍ പരിഹാര ശ്രമങ്ങളില്‍ വിശ്രമമില്ലാത്ത പകലന്തികള്‍ . സ്കൂള്‍ വിദ്യാര്‍ഥികള്‍ , ആട്ടോ ഡ്രൈവേഴ്സ്, ബസ്സ് ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള വ്യത്യസ്ത സ്വഭാവരൂപീകരണ ക്ലാസ്സുകള്‍ . ഇതിനിടയില്‍ എപ്പോഴൊക്കെയോ കടലാസ്സില്‍ നനഞ്ഞുണങ്ങുന്ന മഷിക്കൂട്ടുകള്‍ കഥകളും നോവലുകളുമായി മാറുന്നു.
ആയിരം രാത്രികളിലും പറഞ്ഞാല്‍ തീരാത്ത കഥകളുടെ സുല്‍ത്താനാകട്ടെ അദ്ദേഹം എന്ന്‍ നമുക്കാശംസിക്കാം.