Header

വിമത വിജയം – കലിപ്പടങ്ങാതെ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ

ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ വിമത സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി അടങ്ങുന്നില്ല.

യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവർത്തകർ ഇന്നും വാർത്താ സമ്മേളനം നടത്തി ഗോപ പ്രതാപനെതിരെ ആരോപണങ്ങൾ ആവർത്തിക്കുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിനു വേണ്ടി പ്രവർത്തിച്ചു എന്നുവരുത്തി വിമത സ്ഥാനാർഥിക്ക് വേണ്ടി പണിയെടുത്ത ഗോപ പ്രതാപൻ പാർട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിമത സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ചത് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് സി എ ഗോപ പ്രതാപനാണെന്നും ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് നേതൃത്വം ബ്ലോക്ക് പ്രസിഡണ്ടിന്റെ കുഴലൂത്തുകാർ ആവരുതെന്നും ജില്ലാ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി.എസ്. സൂരജ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രതീഷ് ഒടാട്ട്, ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ എം പി മുനാഷ്, വി എസ് നവനീത്, ജനറൽ സെക്രട്ടറി റിഷി ലാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജനറൽ വായ്പേതര വിഭാഗത്തിലേക്ക് രണ്ടു പേരെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഒന്നാം നമ്പർ കാരനായ ബാലൻ വാറണാട്ടും, രണ്ടാം നമ്പർകാരനായ യൂസുഫ് തണ്ണിതുറക്കലുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. ഔദ്യോഗിക മാതൃക ബാലറ്റ് പേപ്പറിലും ഇവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഒന്നാം നമ്പർ ബാലൻ വാറണാട്ട് നെ ഒഴിവാക്കി വിമത സ്ഥാനാർഥിയായ മൂന്നാം നമ്പർ കാരൻ സുരേഷ് നെ ഉൾപ്പെടുത്തിയ മാതൃക ബാലറ്റ് പേപ്പർ വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഔദ്യോഗിക സ്ഥാനാർഥി ബാലൻ വാറണാട്ട് ന് 160 വോട്ടും വിമത സ്ഥാനാർഥി സുരേഷിന് 700 ൽ പരം വോട്ടുകളും ലഭിച്ചു.

thahani steels

Comments are closed.