ഗുരുവായൂര്‍ : കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയില്‍ റെക്കോഡ് കളക്ഷന്‍.  9,60,467 രൂപയാണ് ഒറ്റ ദിവസം ലഭിച്ചത്. തിങ്കളാഴ്ചത്തെ കളക്ഷനാണ് ഗുരുവായൂര്‍ ഡിപ്പോക്ക് അഭിമാനത്തിനു  വകയായത്. അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്ട്ട് ഓഫീസര്‍ വി.എം.താജുദ്ധീന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് ചരിത്രവിജയം നേടികൊടുത്തത്. ആറ് ലക്ഷം രൂപയില്‍ താഴെയായിരുന്നു പ്രതിദിനം ലഭിച്ചിരുന്നത്. ആറ് മാസം മുന്‍പ് താജുദ്ധീന്‍ എ.ടി.ഒയായി ചാര്‍ജെടുത്തതിന് ശേഷം ദിവസ കളക്ഷന്‍ ശരാശരി ഏഴ് ലക്ഷം രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ജനുവരിയില്‍ ശബരിമല സീസണില്‍ ഒരു ദിവസം ലഭിച്ച 8,60,000 രൂപയാണ് ഗുരുവായൂര്‍ ഡിപ്പോയിലെ റെക്കോഡ്. യാത്രക്കാരോട് ജീവനക്കാരുടെ മാന്യമായ പെരുമാറ്റവും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് ഗുരുവായൂര്‍ ഡിപ്പോക്ക് അഭിമാന നേട്ടം കൈവരിക്കാനായതെന്ന് എ.ടി.എ താജുദ്ധീന്‍ പറഞ്ഞു. ഗുരുവായൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ കുറവു മൂലം മുടങ്ങി കിടന്നിരുന്ന എറണാകുളം വൈറ്റില ഭാഗത്തേക്കുള്ള ആറ്  സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ആകെ 57 സര്‍വ്വീസുകളാണ് ഇപ്പോഴുള്ളത്. താജുദ്ധീന്റെ ചുമതലയിലുള്ള പൊന്നാനി ഡിപ്പോയിലും നല്ല കളക്ഷനാണ് ലഭിക്കുന്നത്. 5,68,959 രൂപയാണ് ഇവിടെ ഒരു ദിവസത്തെ കളക്ഷന്‍.