സംവരണനയം അട്ടിമറിക്കപ്പെടുന്നു ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകം – എം എസ് എസ്
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ നയവൈകല്യം മൂലം ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കു പോലും മെരിറ്റ് അഡ്മിഷൻ അപ്രാപ്യമാകും വിധം സംവരണനയം അട്ടിമറിക്കപ്പെടുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം എസ് എസ്
തൃശൂർ ജില്ലാകമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു.
പ്ലസ് വൺ, ഡിഗ്രി പ്രവേശനങ്ങളിൽ മെരിറ്റ് ക്വാട്ട പൂർത്തിയാകുന്നതിനു മുമ്പായി കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനനടപടികൾ പൂർത്തീകരിച്ച് നടത്തുന്ന സംവരണ അട്ടിമറിയിലൂടെ അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ നിഷ്കരുണം തച്ചുടക്കുകയാണെന്നും എം എസ് എസ് കുറ്റപ്പെടുത്തി.
ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ക്ലാസിലിരുത്തുന്ന ഉപരിപ്ലവമായ നടപടികളല്ല മറിച്ച്, മുൻവിധി കൂടാതെയുള്ള തീരുമാനങ്ങളാണ് കാലഘട്ടമാവശ്യപ്പെടുന്നതെന്നും ബഹുജന സംഘടനകളെ പോരിന് വിളിയ്ക്കുന്ന സമീപനം അപരിഷ്കൃതമാണെന്നും അതുകൊണ്ടു തന്നെ തിരുത്തൽ അനിവാര്യമാണെന്നും എം.എസ്.എസ്. അഭിപ്രായപ്പെട്ടു.
ചാവക്കാട് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് അഡ്വ: കെ.എസ്.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ.കെ.അബ്ദുൽ റഹ്‌മാൻ വാർഷികറിപ്പോർട്ടും ട്രഷറർ എം.പി. ബഷീർ ബജറ്റും അവതരിപ്പിച്ചു. മുൻ സംസ്ഥാനജനറൽ സെക്രട്ടറി ടി. കെ അബ്ദുൽ കരീം മാസ്റ്റർ, പി. വി. അഹമദ്കുട്ടി, ജില്ലാ സെക്രട്ടറിമാരായ ക്യാപ്റ്റൻ അബ്ദുൽ ഖാദർ, എ.കെ. നസീർ, ഗുലാം മുഹമ്മദ്, എം.കെ. സിദ്ദീഖ്, ഷംസുദ്ദീൻ വാത്ത്യേടത്ത്, ജബ്ബാർ കൊടുങ്ങലൂർ, നസ്റുദ്ദീൻ തങ്ങൾ, മുഹ്സിൻ മാസ്റ്റർ, ഇ.വി. സൈനുദ്ദീൻ, അബ്ദു വാച്ചേരി, ഹനീഫ പുതിയകാവ്, നൗഷാദ് തെക്കുംപുറം, ഹാരിസ് കെ.മുഹമ്മദ്, ഹക്കീം ഇമ്പാർക്ക്, ബദറുദ്ദീൻ ഗുരുവായൂർ, തുടങ്ങിയവർ സംസാരിച്ചു.
Comments are closed.