പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം

ചാവക്കാട് : പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം. ഞായറാഴ്ച്ച ചാവക്കാട് നടന്ന ഹാപ്പി കേരളം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് വിഘ്‌നേശ്വരനെ സ്തുതിച്ചുകൊണ്ടുള്ള സ്വാഗത നൃത്തശില്പത്തോടെ ആരംഭിച്ചത് വിവാദമായിരുന്നു. പത്രമാധ്യമങ്ങളിൽ ഇതു സംബന്ധമായ വന്ന വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച നടന്ന ചാവക്കാട് നഗരസഭ കൗൺസിലിൽ യു ഡി എഫ് കൗൺസിലർമാരായ കെ വി സത്താർ, ബേബി ഫ്രാൻസിസ് എന്നിവർ നൽകിയ അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാത്തതിനെ ചൊല്ലിയാണ് ബഹളമുണ്ടായത്.

വിഷയ ദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയതായി ചാവക്കാട് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.കൗൺസിലിലെ പ്രധാന വിഷയം ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് യു ഡി എഫ് ഈ ‘നാടകം കളിക്കുന്നതെന്നും ഷീജപ്രശാന്ത് ആരോപിച്ചു.
നഗരസഭയുടെ വികസന സദസ്സ് ഒക്ടോബർ 12 ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടത്തുന്നതിനും കേരളോത്സവം ഒക്ടോബർ 18 മുതൽ തുടക്കം കുറിക്കുന്നതിനും ഒക്ടോബർ മാസത്തിൽ അതിദാരിദ്ര്യ മുക്ത നഗരസഭ പ്രഖ്യാപനം നടത്തുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.

Comments are closed.