Header

വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ രമേശ്

chavakkad s i mk ramesh
chavakkad s i mk ramesh

ചാവക്കാട് : വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ എം കെ രമേശ്‌. രണ്ടാം വര്‍ഷവും നോമ്പ് നോല്‍ക്കുന്നതിന്റെ നിര്‍വൃതിയിലാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം പാവറട്ടി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റമദാനില്‍ നോമ്പനുഷ്ടിച്ച് തുടങ്ങിയത്. ഈ വര്‍ഷവും റമദാന്‍ ഒന്ന് മുതല്‍ മുസ്ലിംങ്ങള്‍ക്കൊപ്പം ഇദ്ദേഹം വ്രതം അനുഷ്ടിക്കുന്നുണ്ട്. മഗ് രിബ് ബാങ്ക് വിളിക്കുന്നതോടെ എല്ലാവരെയും പോലെ ഇദ്ദേഹവും നോമ്പ് മുറിക്കുമെങ്കിലും പിന്നീടുള്ള ഭക്ഷണം അടുത്ത ദിവസത്തെ നോമ്പുതുറയോടെ മാത്രം. ഫലത്തില്‍ ഇരുപത്തിനാല് മണിക്കൂറാണ് ഇദ്ദേഹത്തിന്റെ വ്രതം. നോമ്പ് നോല്‍ക്കുന്നതിനു പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ ശാരീരികവും മാനസികവുമായ കുറെ നല്ല ഫലങ്ങള്‍ ഇത് മൂലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015 ഡിസംബര്‍ മുതല്‍ ചാവക്കാട് എസ് ഐ ആയി സേവനമനുഷ്ടിക്കുകയാണ് എം കെ രമേഷ്. എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമായിട്ടും സ്റ്റേഷനില്‍ പരാതിക്കാരെ സ്വീകരിക്കുന്ന തിരക്കിലായിരുന്ന എസ് ഐ‌. യോട് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയില്ലേ എന്ന കുശലാന്വേഷണത്തിനു മറുപടിയായാണ് അദ്ദേഹം നോമ്പ് വിശേഷം പങ്കുവെച്ചത്. വാര്‍ത്തക്കോ വാര്‍ത്തയാകുന്നതിനോ വേണ്ടിയല്ല നോമ്പ് നോല്‍ക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ചാവക്കാട് പോലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് എസ് ഐ താമസിക്കുന്നത്. കോലഴിയിലുള്ള കുടുംബം ഇടക്ക് വന്നു പോകാറാണ് പതിവ്.

thahani steels

Comments are closed.