കഠിനമായ ഉഷ്ണതരംഗം: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഏപ്രിൽ 24, 2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
സർവകലാശാലകളും ബോർഡുകളും നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അത്യാവശ്യ സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താവുന്നതാണ്.
ജില്ലയിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 23, 24 തിയതികളിൽ കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചത്.
താപനില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് അങ്കണവാടികൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

Comments are closed.