ചാവക്കാട് മേഖലയിൽ വിഷപ്പാമ്പുകൾ വർദ്ധിക്കുന്നു – അത്യുഷ്ണം, മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക് : ജാഗ്രത പാലിക്കാം

ചാവക്കാട് : കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി 3 ജീവനുകളാണ് പാമ്പ് കടിയേറ്റ് നഷ്ടമായിട്ടുള്ളത്. അകലാട്, എടക്കഴിയൂർ, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് ഇതിനകം നൂറുകണക്കിന് വിഷപ്പാമ്പുകളെയാണ് സ്നേക്ക് റെസ്ക്യൂവർമാർ പിടികൂടിയിട്ടുള്ളത്. കഠിനമായ ചൂടിൽ നിന്ന് രക്ഷതേടിയും തണുപ്പുള്ള ഇടങ്ങൾ അന്വേഷിച്ചുമാണ് പാമ്പുകളും പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത്. വീടിനുള്ളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവായതോടെ വനംവകുപ്പും ആരോഗ്യവിദഗ്ധരും പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാവക്കാട് മേഖലയിൽ വീടിന്റെ അകത്തുനിന്നുൾപ്പെടെ ഒരുപാട് വിഷപ്പാമ്പുകളെ ഇതിനകം പിടികൂടിയെങ്കിലും ഈ പ്രദേശത്ത് ആർക്കും ഇതുവരെയും കടിയേൽക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പുന്നയൂർ പഞ്ചായത്ത് മെമ്പറും സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിൽ പറഞ്ഞു.
പാമ്പുകൾ ശീത രക്തമുള്ള (Cold-blooded) ജീവികളാണ്. അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരതാപനില ക്രമീകരിക്കാൻ അവയ്ക്ക് കഴിയാറില്ല. അതിനാൽ, തണുപ്പുള്ള സ്ഥലങ്ങൾ തേടി അവ വീടുകൾക്കുള്ളിലേക്കും കിണറുകൾക്കരികിലേക്കും നീങ്ങുന്നു. കൂടാതെ, വേനലിൽ എലി, തവള തുടങ്ങിയ ഇരകളുടെ കുറവും ഇവയെ അലഞ്ഞുതിരിയാൻ പ്രേരിപ്പിക്കുന്നു.വിറകുപുരകളിൽ അടുക്കി വെച്ചിരിക്കുന്ന വിറകിനിടയിലെ തണുപ്പും ഇരുട്ടും പാമ്പുകൾക്ക് പ്രിയപ്പെട്ടതാണ്. വീടിന്റെ ജലലിനോട് ചേർന്ന് അടുക്കി വച്ചിരിക്കുന്ന വിറകുകൾ പാമ്പുകൾ എളുപ്പത്തിൽ വീടിനുള്ളിലേക്ക് കയറാൻ സഹായിക്കുന്നു.നനവുള്ള ചെടിച്ചട്ടികൾക്ക് താഴെ, എയർ കണ്ടീഷണറുകളിൽ നിന്ന് വെള്ളം തുള്ളിയായി വീഴുന്ന ഇടങ്ങൾ. വീടിനു മുന്നിലെ ചവിട്ടുപടിയിലും സിറ്റൗട്ടിലും ഇപ്പോൾ ഇൻഡോർ പ്ലാന്റുകൾ വെക്കുന്ന അവസ്ഥ കൂടുതലായി കാണുന്നുണ്ട്, ഇവിടങ്ങളിൽ നനവ് എപ്പോഴും നിലനിൽക്കുന്നതിനാൽ ഇവിടേക്ക് പാമ്പുകളെ ആകർഷിക്കുന്നു.തറയിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന തുണികൾക്കിടയിലും പാമ്പുകൾ ചുരുണ്ടിരിക്കാറുണ്ട്.
വീടിന് ചുറ്റുമുള്ള കാടുപിടിച്ച പ്രദേശങ്ങൾ വെട്ടിത്തെളിക്കുക. ആഹാര അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയാതിരിക്കുക (ഇത് എലികളെ ആകർഷിക്കുകയും തുടർന്ന് പാമ്പുകൾ എത്തുകയും ചെയ്യും). വളർത്തുമൃഗളുടെയും അലങ്കാര പക്ഷികളുടെയും കൂടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.വീടിനകത്തോ, ചുമരിലോ പരിസരങ്ങളിലോ ചെറിയ വിള്ളലുകളോ പൊത്തുകളോ ഉണ്ടെങ്കിൽ ഉടൻ അടക്കുക.രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ഉപയോഗിച്ചും തറയിൽ വടി കൊണ്ടോ കാലുകൊണ്ടോ തട്ടി ശബ്ദമുണ്ടാക്കിയും നടക്കുക.കൃഷിയിടങ്ങളിലോ ഗാർഡനുകളിലോ നടക്കുമ്പോൾ റബ്ബർ ബൂട്ടുകളോ പാദം മറയുന്ന ചെരുപ്പുകളോ ധരിക്കുന്നത് സുരക്ഷിതമാണ്.കിണറുകൾ വല ഉപയോഗിച്ച് മൂടുന്നത് പാമ്പുകൾ അകത്ത് വീഴുന്നത് ഒഴിവാക്കാൻ സഹായിക്കും. പാമ്പുകടിയേറ്റാൽ ഉണ്ടാകുന്ന പരിഭ്രമമാണ് പലപ്പോഴും മരണം സംഭവിക്കാൻ കാരണമാകുന്നത്. പാമ്പുകടിയേറ്റാൽ പരിഭ്രമിക്കാതിരിക്കുക. ഓടുകയോ പേടിച്ച് വിറയ്ക്കുകയോ ചെയ്യരുത്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ പടരാൻ കാരണമാവുകയും ചെയ്യും.തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.പാമ്പുകടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തിക്കുക. മന്ത്രവാദത്തിനോ നാട്ടുചികിത്സയ്ക്കോ മുതിരാതെ ആന്റി വെനം (ASV) ലഭ്യമായ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല. പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും വിരോധമില്ല. ഏറ്റവും പ്രധാനം ‘സുവർണ്ണ സമയം’ (Golden Hour) നഷ്ടപ്പെടുത്താതെ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക എന്നതാണ്.ആന്റി വെനം (ASV) ലഭ്യമായ തൊട്ടടുത്ത ആശുപത്രികൾ1. മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി, കുന്നംകുളം
തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ്
3. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർപാമ്പുകളെ പിടികൂടാനോ സഹായത്തിനോ വനംവകുപ്പിന്റെ ‘സർപ്പ’ (SARPA) മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാണ് അംഗീകൃത സ്നേക്ക് റെസ്ക്യൂവർമാരുടെ സേവനം ഇതിലൂടെ ലഭ്യമാകും.പാമ്പുകൾ പ്രകൃതിയുടെ ഭാഗമാണ്. അവയെ അനാവശ്യമായി ഉപദ്രവിക്കാതിരിക്കുക. ജാഗ്രത മാത്രമാണ് ഏക പോംവഴി.


Comments are closed.