ചാവക്കാട് തീരത്ത് അപൂർവ്വ ഇനത്തിൽപ്പെട്ട ഹാക്സ്ബിൽ കടലാമയുടെ ജഡം

ചാവക്കാട് : പുത്തൻ കടപ്പുറം കടൽത്തീരത്ത് അപൂർവ ഇനത്തിൽപ്പെട്ട ഹാക്സ്ബിൽ കടലാമയെ (ചുണ്ടൻ കടലാമ) ചത്ത നിലയിൽ കണ്ടെത്തി. പരിപൂർണ്ണ വളർച്ചയെത്താത്ത ‘ജുവനൈൽ’ കടലാമയുടെ ജഡം കഴിഞ്ഞ ദിവസമാണ് തീരത്തടിഞ്ഞത്. ജഡത്തിന് ഏകദേശം ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പക്ഷികളുടേതുപോലെ വീതി കുറഞ്ഞതും നിവർന്നതുമായ ചുണ്ടുകളുള്ളതിനാലാണ് ഇവയ്ക്ക് ‘ചുണ്ടൻ കടലാമ’ എന്ന പേര് വന്നത്. അന്താരാഷ്ട്ര തലത്തിൽ അതീവ ശ്രദ്ധയർഹിക്കുന്ന ഇവയെ കേരളത്തിന്റെ തീരങ്ങളിൽ കണ്ടെത്തുന്നത് തികച്ചും അപൂർവമാണ്. ഇതിനുമുമ്പ് തൃശ്ശൂർ ജില്ലയിൽ തന്നെ രണ്ട് തവണ മാത്രമാണ് ഈ ഇനത്തെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് ബ്ലാങ്ങാട് ബീച്ചിൽ നിന്നും, 22 വർഷങ്ങൾക്ക് മുൻപ് അഞ്ചങ്ങാടി ബീച്ചിൽ നിന്നും പരിക്കേറ്റ നിലയിലാണ് മുൻപ് ഇവയെ കണ്ടെത്തിയിരുന്നത്. കേരളത്തിൽ ഒരിടത്തും ഇതുവരെ ഈ കടലാമകൾ മുട്ടയിട്ടതായി ഔദ്യോഗിക റിപ്പോർട്ടുകളില്ല എന്നതും ഇതിന്റെ അപൂർവത വർദ്ധിപ്പിക്കുന്നു.
ഈ വർഷം ചാവക്കാട് തീരത്ത് ഒലിവ് റിഡ്‌ലി ഇനത്തിൽപ്പെട്ട 6 കടലാമകൾ ചത്തടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കടലാമകൾ ചത്തടിയുന്നത് പരിസ്ഥിതി സ്നേഹികൾക്കിടയിലും കടലാമ സംരക്ഷകർക്കിടയിലും ആശങ്ക ഉയർത്തുന്നുണ്ട്.
പരിക്കേറ്റും അല്ലാതെയും തീരത്തടിയുന്ന ഇത്തരം കടലാമകളെ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക സംരക്ഷണകേന്ദ്രം അടിയന്തരമായി ഒരുക്കേണ്ടതുണ്ടെന്ന് കടലാമ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. ജെ. ജെയിംസ്, ടർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫിസർ സലീം ഐഫോക്കസ് എന്നിവർ ആവശ്യപ്പെട്ടു. കേരള തീരത്തെ കടലാമകളുടെ സാന്നിധ്യത്തെക്കുറിച്ചും ഹാക്സ്ബിൽ ടർട്ടിലുകളുടെ വരവിനെക്കുറിച്ചും ശാസ്ത്രീയവും വിശദവുമായ പഠനങ്ങൾ നടത്താൻ അധികൃതർ തയ്യാറാകണമെന്നും അവർ പറഞ്ഞു.


Comments are closed.