ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ പ്രജ്യോതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ”തിരികെ” ഞായറാഴ്ച നടക്കും. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ വൈകിട്ട് 5ന് നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കലാമണ്ഡലം ഗോപി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചടങ്ങില്‍ ദീപപ്രജ്ജ്വലനം നടത്തും. പ്രജോതി പ്രസിഡന്റ് വേണുഗോപാല്‍ പാഴൂര്‍ അദ്ധ്യക്ഷത വഹിക്കും. നടന്‍ ശിവജി ഗുരുവായൂര്‍ വിശിഷ്ടാതിഥിയാകും. സ്‌കൂളിന്റെ നവതി പ്രഖ്യാപനം, പൂര്‍വ്വകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, ഗുരു പൂജ, പൂര്‍വ്വ വിദ്യര്‍ത്ഥി കുടുംബ സംഗമം, വിവിധ പദ്ധതികളുടെ ഉല്‍ഘാടനം എന്നിവയും ചടങ്ങില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശാന്തകുമാരി, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍, ദേവസ്വം ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വൈകീട്ട് 7.30 മുതല്‍ ശ്രീകൃഷ്ണയിലെ പൂര്‍വ്വ വിദ്യര്‍ത്ഥികള്‍ അവതിരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പി.രാധാകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് സരസ്വതി അന്തര്‍ജ്ജനം, വേണുഗോപാല്‍ പാഴൂര്‍, ഒ.ജി.രവീന്ദ്രന്‍, സീമ നായര്‍, പി.ലതിക ടീച്ചര്‍, ഷാജന്‍ പന്തായില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .