ചാവക്കാട്: രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് നാളെ ചാവക്കാട്ട് തുടക്കമാകും. ചര്‍ച്ചകളും പ്രഭാഷണങ്ങളും സംവാദങ്ങളുമായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭരായ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. കലയും സാഹിത്യവും സംസ്‌കാരവും ദേശീയതയും പാരമ്പര്യവും ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം ഇനി ചാവക്കാട് വേദിയാകും. അഞ്ച് സെഷനുകളിലാണ് സാംസ്‌കാരിക സമ്മേളനം അരങ്ങേറുന്നത്. നാളെ രാവിലെ 10 മണിക്ക് ‘ഉമര്‍ ഖാസി: രചനയും സമരവും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, ഖാളി ഒ പി മുത്തുക്കോയ തങ്ങള്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എം നിസാര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് സംവാദം. ‘മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും’ എന്ന വിഷയത്തില്‍ കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, അജയ് പി മങ്ങാട്, ഫൈസല്‍ അഹ്‌സനി ഉളിയില്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രശസ്ത കവി സച്ചിദാനന്ദന്റെ പ്രഭാഷണം മുഖ്യ ശ്രദ്ധയാകര്‍ഷിക്കും. ‘ഇരുണ്ട കാലത്തെ പാട്ടുകള്‍’ എന്ന വിഷയത്തിലാണ് പ്രഭാഷണം. വൈകീട്ട് ഏഴ് മണിക്ക് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിലുള്ള സംവാദം കെ ഇ എന്‍, എന്‍ പി രാജേന്ദ്രന്‍, വീരാന്‍കുട്ടി, അഡ്വ. എ ജയശങ്കര്‍, കെ സി സുബിന്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാകും. ഞായറാഴ്ച രാവിലെ 10 മണിക്ക് ‘ദളിത് മാപ്പിള പാരസ്പര്യം ഇന്നലെകളും ഇന്നും’ ചര്‍ച്ചക്ക് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സിവിക് ചന്ദ്രന്‍, കെ കെ കൊച്ച് എന്നിവര്‍ നേതൃത്വം നല്‍കും. രാവിലെ 11.30ന് ‘കുടിയിറക്കപ്പെട്ടവന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ കല്‍പറ്റ നാരായണന്‍, അഡ്വ. കാളീശ്വരം രാജ്, കാസിം ഇരിക്കൂര്‍, അബ്ദുല്ല മണിമ എന്നിവര്‍ പുസ്തക ചര്‍ച്ച നടത്തും.
സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി നാളെ കീട്ട് ഏഴിന് കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സഹകരണത്തോടെ ആരംഭിക്കുന്ന പുസ്തകോത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തും. എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഫാറൂഖ് നഈമി അല്‍ബുഖാരി സന്ദേശ പ്രഭാഷണം നിര്‍വഹിക്കും. ചാവക്കാട് നഗരത്തില്‍ സംവിധാനിച്ച 11 വേദികളിലാണ് പ്രതിഭകള്‍ മാറ്റുരക്കുക. നാളെ വൈകീട്ട് മൂന്ന് മണിക്ക് സംസ്ഥാന സാഹിത്യോത്സവ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ ബി ബഷീർ ( എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം ), സൈഫുദ്ധീൻ പി എ, ആബിദ് വാടാനപ്പിള്ളി, ബഷീർ അശ്റഫി, ഹുസൈൻ ഹാജി, ശാഹുൽ ഹമീദ് വെന്മേനാട് എന്നിവർ സംബന്ധിച്ചു.