Header

തൊഴിയൂരിൽ ബൈക്ക് തടഞ്ഞു നിർത്തി കുത്തി പരിക്കേല്പിച്ചെന്ന പരാതി വ്യാജം

ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20)പരാതിക്കാരൻ. ആത്മഹത്യ ചെയ്യാനാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് വയറില്‍ മുറിവുണ്ടാക്കിയത്. കൃത്യ ത്തിന് ഉപയോഗിച്ച രക്തം പറ്റിയ ബ്ലേഡ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി.

തിങ്കളാഴ്ച്ച രാത്രി കുന്നംകുളത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി രണ്ടു ബൈക്കുകളിലായി പിന്‍തുടര്‍ന്ന സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തെന്നായിരുന്നു മൊഴി.

സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ല പൊലീസ് മേധാവി ആര്‍. ആദിത്യ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ ഗുരുവായൂര്‍ എസിപി കെ. ജി. സുരേഷ്, വടക്കേകാട് എസ്എച്ചഒ അമൃത് രംഗന്‍, എസ്ഐമാരായ പി.ആര്‍.രാജീവ്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത്.

സിസിടിവി ക്യാമറകളും, മൊബൈല്‍ ഫോണ്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തുകയും സത്യാവസ്ഥ തെളിയുകയുമായിരുന്നു. മാതാവ് വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പറയുന്നു. സംഭവ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കുന്നംകുളം തെക്കേപുറത്തുള്ള സ്റ്റേഷനറി കടയില്‍ നിന്ന് ബ്ലേഡും, സിഗരറ്റും വാങ്ങി അഞ്ഞൂര്‍ പിള്ളക്കാട് റോഡില്‍ പഴയ ആശുപത്രി കെട്ടിടത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിലിരുന്നാണ് ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്. മുറിവ് സാരമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഷര്‍ട്ട് ഉയര്‍ത്തി വീണ്ടും വയറില്‍ മുറിച്ച് ഞമനേങ്ങാട് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയെന്ന് പൊലീസ് പറഞ്ഞു.

തലകറക്കം തോന്നിയ യുവാവ് പിന്നീട് കൂട്ടുകാരുടെ സഹായത്തിനായി മെനഞ്ഞെടുത്ത കഥയായിരുന്നു ഒരു സംഘത്തിന്റെ ആക്രമണമെന്നത്. വയറിലെ മുറിവും, ആ സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട് കീറിയതിലുള്ള പിഴവും, ഫോറന്‍സിക് സര്‍ജന്റെ അഭിപ്രായവും എല്ലാം പരിഗണിച്ചുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയത്. യുവാവ് മുന്‍പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ
ഇയാള്‍ക്ക് കൗണ്‍സിലിങ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം സ്വീകരിക്കുമെന്ന് വടക്കേക്കാട് എസ്എച്ചഒ അമൃതരംഗന്‍ പറഞ്ഞു. എസ്‌ഐമാരായ സന്തോഷ്, അന്‍വര്‍ഷ, സിപിഒമാരായ രണ്‍ദീപ്, രജനീഷ്, മിഥുന്‍, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Comments are closed.