സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും

ചാവക്കാട് : 2020 തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും.

ജനുവരി 7, 8, 11, 12 തീയതികളിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സൗകര്യപ്രദമായ ഏതെങ്കിലുമൊരു ദിവസം തിരഞ്ഞെടുപ്പ് നടത്താം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച് നാല് സ്റ്റാൻഡിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തുകളിൽ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളുമാണ് രൂപീകരിക്കുക. മുൻസിപ്പൽ കൗൺസിലുകളിൽ ആറും കോർപ്പറേഷനിൽ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളും രൂപീകരിക്കും.
തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുപ്പ് നടത്തണം. ഒരു സ്റ്റാൻഡിങ് കമ്മിറ്റിയുടെ സ്ത്രീസംവരണ സ്ഥാനം നികത്തിയതിന് ശേഷം മാത്രമേ ആ സ്റ്റാൻഡിങ് കമ്മിറ്റിയുടെ സംവരണം ചെയ്യാത്ത മറ്റ് സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താനാകൂ.
തിരഞ്ഞെടുപ്പ് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം നടത്തേണ്ടതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

Comments are closed.