വിദ്യാര്‍ഥിനി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. നവജാതശിശുവിനെ അമ്മ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാൽ ജീവൻ രക്ഷിക്കാനായി. അവിവാഹിതയായ 19 വയസുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. കുഞ്ഞിനെ വണ്ടാനം ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കഠിനമായ വയറുവേദനയെന്ന് പറഞ്ഞാണ് 19 വയസുകാരി ആശുപത്രിയിലെത്തിയത്. പെൺകുട്ടിയ്ക്കൊപ്പം പിതാവും സഹോദരങ്ങളും ഉണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടയുടൻ തന്നെ ഗർഭിണിയാണോ എന്ന് ഡോക്ടർ ചോദിച്ചെങ്കിലും പെൺകുട്ടി അത് നിഷേധിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയ്ക്ക് ശുചിമുറിയിൽ പോകണമെന്ന് പറയുകയും അവിടെ വച്ച് പ്രസവിച്ച് ഉടൻ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ പുറത്തേക്ക് ജനലിലൂടെ വലിച്ചെറിയുകയുമായിരുന്നു.വിദ്യാർഥിനി ശൗചാലത്തിൽ കയറിയതിനുപിന്നാലെ പുറത്ത് നേരിയ കരച്ചിൽ കേട്ടതായി ഡോക്‌ടർമാർ പറയുന്നു. സംശയം തോന്നിയ ഇവർ മറ്റ് ജീവനക്കാരെയും കൂട്ടി ആ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെടുത്തത്. ശബ്ദം കേട്ട ഉടൻതന്നെ ഇവർ പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. രാത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരായ തിരുവല്ല സ്വദേശിനി ഡോ. ടിഷ, ഡോ. ആൽഫി, നഴ്സിങ് ഓഫീസർ ജിഷ, നേഴ്സിങ് അസിസ്റ്റൻമാരായ അനിൽ, റെജീന എന്നിവരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് കുഞ്ഞിനെജീവനോടെ രക്ഷിക്കാനായത്.അൽപമെങ്കിലും വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. വലിയ കല്ലുകളും കമ്പിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണത്. മാത്രമല്ല, ആ പരിസരത്ത് ധാരാളം തെരുവുനായ്ക്കളും തമ്പടിച്ചിട്ടുണ്ട്. കുഞ്ഞിന് യാതൊരു പരിക്കും പറ്റിയിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഡോക്‌ടർമാർ അറിയിച്ചു. പെൺകുഞ്ഞാണ്. അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകി, വിദഗ്ധ ചികിൽസയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയച്ചു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.


Comments are closed.