ഗുരുവായൂർ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ തുടർന്ന് ഭക്തരും പൊതുജനവും ദുരിതത്തിലായി. പ്രധാന മന്ത്രിയുടെ സുരക്ഷ ഉദ്യാഗസ്ഥർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയവരെ കിലോമീറ്റുകൾ ദൂരെ വെച്ച് തന്നെ തടഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ വാഹനങ്ങളിൽ വന്നവരെയാണ് നാലര കിലോമീറ്റർ ദുരത്ത് വച്ച് തടഞ്ഞത്. പ്രായവമായവരും കുട്ടികളുമടക്കമുള്ളവർ ഇത്രയും ദൂരം നടന്നാണ് ക്ഷേത്രത്തിലും ക്ഷേത്ര നഗരിയിലുമെത്തിയത്.
ബുധനാഴ്ച പ്രധാന മന്ത്രിയുടെ സന്ദർശനത്തിൻ്റെ സമയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമെ ക്ഷേത്രത്തിലെത്തുന്നവർക്ക് നിയന്ത്രണമുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തലേദിവസമായ ഇന്ന് രാവിലെ 6 മണി മുതൽ തന്നെ ഗുരുവായൂരിലേക്കെത്തുന്ന വാഹനങ്ങൾ സുരക്ഷയുടെ പേരിൽ തടയുകയായിരുന്നു. സുരക്ഷ ട്രയൽ എന്ന പേരും പറഞ്ഞായിരുന്നു തടയൽ. മണിക്കൂറുകൾ നീണ്ട തടയൽ ജനങ്ങളെ വലച്ചു. രാവിലെ ക്ഷേത്രപരിസരത്തേക്കും ടൗണിലേക്കും നടന്നുവരുന്നവരെയും തടഞ്ഞുനിർത്തിയിരുന്നു.
മുന്നറിയിപ്പില്ലാതെയുള്ള സുരക്ഷ ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും നടപടി സ്കൂൾ വിദ്യാർത്ഥികളേയും വലച്ചു. പ്ലസ് വൺ പ്രാക്ടിക്കൽ മോഡൽ പരീക്ഷക്ക് പോയിരുന്ന പല വിദ്യർത്ഥികളും വൈകിയാണ് സ്കൂളുകളിലെത്തിയത്. തൃശ്ശൂരിൽ നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന വിശ്വാസികളുടേതടക്കമുള്ള വാഹനങ്ങൾ കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പോകാൻ നിർദേശിച്ച് തിരിച്ചുവിട്ടെങ്കിലും അവരെ കോട്ടപ്പടിവഴിയും മറ്റും തിരിച്ചുവിട്ട് നാലര കിലോമീറ്റർ മുമ്പ് തടഞ്ഞു നിർത്തിയിരുന്നു. റോഡിന് ഇരുവശവും വാഹനങ്ങൾ നിർത്തിയിട്ടതിനെ തുടർന്ന് മമ്മിയൂർ പൊന്നാനി സംസ്ഥാന പാതയിൽ താമരയൂർ ഭാഗം മുതൽ തമ്പുരാൻപടിവരെ വലിയ ഗതാഗത തടസ്സം നേരിട്ടു.
കച്ചവടക്കാർക്ക് ഇരുട്ടടി
ഗുരുവായൂരിൽ നിയന്ത്രണം കർശ്ശനമാക്കിയതോടെ പരിശോധനക്കായി നിരവധി സമയം ചിലവഴിക്കേണ്ടിവരുമെന്നറിഞ്ഞ ശബരിമല ദർശ്ശനം കഴിഞ്ഞ് ഗുരുവായൂർ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങുന്ന അയ്യപ്പ ഭക്തർ ഗുരുവായൂരിലേക്ക് വരാതെ നാട്ടിലേക്ക് മടങ്ങി. ഇത് ഗുരുവായൂരിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി. വർഷത്തിലെ ഏറ്റവും തിരക്കുണ്ടാവുകയും ഏറ്റവുമധികം കച്ചവടം ലഭിക്കുകയും ചെയ്യുന്ന രണ്ടു ദിവസങ്ങളാണ് നിയന്ത്രണങ്ങളിൽ നഷ്ടമാകുന്നത്. ശബരിമലയിൽ മകരവിളക്ക് ദർശ്ശനം പൂർത്തിയാക്കി ഗുരുവായൂരിലെത്തിയാണ് ഒട്ടുമിക്ക വിശ്വാസികളും നാട്ടിലേക്ക് മടങ്ങുക. തങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും ബന്ധുക്കൾക്കുമായുള്ള സാധനസാമഗ്രികൾ വാങ്ങിയാണ് ഗുരുവായൂരിൽ നിന്നും ഇവർ മടങ്ങാറ്. ഒരു വർഷത്തിൽ ഗുരുവായൂരിലെ കച്ചവടക്കാർക്ക് ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്ന ദിനങ്ങളാണ് ഈ ദിവസങ്ങൾ. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ദിവസങ്ങളിൽ രണ്ട് ദിവസത്തെ കച്ചവടം പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയാണ് ഗുരുവായൂരിലെ വ്യാപാരികളുടേത്. നല്ല തിരക്കുണ്ടാവേണ്ട ദിവസങ്ങളിലൊന്നായ ചൊവ്വാഴ്ച പൊലിസിനേയും സുരക്ഷ ജീവനക്കാരേയും നോക്കിയിരുന്നാണ് കച്ചവടക്കാർ സമയം ചിലവഴിച്ചത്. മോഡിയെത്തുന്ന ബുധനാഴ്ച രാവിലെ മുതൽ മോഡി പോകുന്നത് വരേയുള്ള ബുദ്ധിമുട്ടുകൾ പ്രതീക്ഷിച്ചിരുന്ന വ്യാപാരികൾക്ക് കനത്ത തിരിച്ചടിയിയരുന്നു മകര ചൊവ്വയിലെ നിയന്ത്രണങ്ങൾ.
Comments are closed.