
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതിയെ ഗുരുവായൂർ ടെംപിൾ പോലീസ് പിടികൂടി. തേനി രാമനാഥപുരം സ്വദേശി ജയരാമ (28)നെയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ തൃത്താല പോലീസ് അറസ്റ്റ് ചെയ്ത ജയരാമനെ ടെംപിൾ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരിന്നു. പ്രതിയുമായി പോലീസ് വയോധികയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മാസം 27ന് പുലർച്ചെയാണ് ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (62 ) പുഷ്പലതയെ ആക്രമിച്ചു കയ്യിൽ ധരിച്ചിരുന്ന ഒരു പവന്റെ സ്വർണ്ണ വള കവർച്ച നടത്തിയത്.
കിഴക്കേ നടയിൽ അമ്പാടി പാർക്കിംഗ് ഗ്രൗണ്ടിന് എതിർവശത്തുള്ള ഹോട്ടൽ തുറക്കാനായി മാധവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയം ജയരാമൻ അകത്തു കടക്കുകയായിരുന്നു. ശുചിമുറിയിലേക്ക് പോകുകയായിരുന്ന വയോധിക കള്ളൻ അകത്തു കയറുന്നത് കണ്ണാടിയിലൂടെ കണ്ട് ഒച്ച വെക്കുമ്പോഴേക്കും വലതു കയ്യിലെ വള ഊരിയെടുത്ത് ഓടിപ്പോയി. ബഹളം കേട്ട് മുകളിൽ താമസിക്കുന്ന പുഷ്പലതയുടെ സഹോദരി ഭർത്താവും മാധവനും എത്തുമ്പോഴേക്കും ജയരാമൻ ദേവസ്വത്തിന്റെ തിരുത്തി കാട്ട് പറമ്പ് വഴി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

Comments are closed.