റോഡുകളുടെ ശോച്യാവസ്ഥയും തീരദേശ പ്രശ്നങ്ങളും ഉയർത്തി ചാവക്കാട് താലൂക്ക് വികസന സമിതി യോഗം

ചാവക്കാട്: താലൂക്കിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥയും തീരദേശ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് ചാവക്കാട് താലൂക്ക് വികസന സമിതി യോഗം ചേർന്നു. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമെന്റ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. തഹസിൽദാരും സമിതി കൺവീനറുമായ ബാബു കെ.ടി. യോഗ നടപടികൾക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി തഹസിൽദാർ ഫൈസൽ പി.വി. സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മാസത്തെ വികസന സമിതി യോഗത്തിലെ പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ കൺവീനർ യോഗത്തിൽ വിശദീകരിച്ചു.

സർവീസ് റോഡുകളിലെ വെള്ളക്കെട്ടും യാത്രാദുരിതവും, എത്തായി-വാടാനപ്പള്ളി കടൽത്തീര മേഖലയിലെ കടൽഭിത്തി നിർമാണം, കനോലി കനാൽ വികസനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ സജീവ ചർച്ചയായി. അപകടങ്ങൾ പതിവാകുന്ന ചാവക്കാട് – ഒരുമനയൂർ റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണമെന്നും മുല്ലത്തറയിലെ ഗതാഗതക്കുരുക്കിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മുല്ലശ്ശേരി, വെങ്കിടങ്ങ് മേഖലകളിലെ പി.ഡബ്ല്യു.ഡി. റോഡുകളുടെ ശോച്യാവസ്ഥ, കടിക്കാട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം എന്നിവയും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണുമെന്ന് കൺവീനർ ഉറപ്പുനൽകി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷാര മുഹമ്മദ്, നിയമസഭാ പ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Comments are closed.