ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്

ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക് ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിലെ 20 കലാകാരികൾ അവതരിപ്പിച്ച ശ്രീകൃഷ്ണ കഥാമൃതം’ എന്ന പേരിലുള്ള നൃത്തം ശ്രദ്ധേയമായി. ദേവകി – വസുദേവരുടെ വിവാഹ ഘോഷയാത്രയോടെ തുടങ്ങീ, കൃഷ്ണന്റെ ജനനം, പൂതനാമോക്ഷം, കാളിയമർദനം, കുചേലവൃത്തം, രാധാമാധവം തുടങ്ങിയ കഥാസന്ദർഭങ്ങൾക്കാണ് ഇവർ ചുവടുവെച്ചത്. ഇടപ്പിള്ളി സുമരാജ് മേനോന്റെ മോഹിനിയാട്ടം, മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഫ്യൂഷൻ, എന്നിവയുമുണ്ടായിരുന്നു.

ഇന്ന് പള്ളിവേട്ടയും ബുധനാഴ്ച ആറാട്ടുമാണ്. രണ്ടു ദിവസവും വൈകീട്ട് കൊടിമരച്ചുവട്ടിലെ ദീപാരാധന കഴിഞ്ഞ് ഗുരുവായൂരപ്പൻ ക്ഷേത്രം വിട്ട് പുറത്തേക്കിറങ്ങും. പുറത്തേക്കെഴുന്നള്ളിപ്പിന് അഞ്ചാനകളുണ്ടാവും.

Comments are closed.