Header

മണത്തലയിലെ ഫ്ലൈഓവർ തടമതിൽ ഇല്ലാതെ നിർമിക്കണം – ആവശ്യം ശക്തമാകുന്നു

ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ദേശീയപാതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു നീക്കി റോഡ് ഒരുക്കം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുല്ലത്തറ ജംഗ്ഷനിലെ പറമ്പൻസ് ഹോട്ടലാണ് അവസാനമായി പൊളിച്ചു നീക്കിയത്. ഇവിടെ മേൽപ്പാലത്തിന്റെ പില്ലർ വർക്കുകൾ ആരംഭിച്ചിട്ടുണ്ട്.

നിർദിഷ്ട ദേശീയപാതയിലൂടെ നിരവധി വാഹനങ്ങൾ ഒരേസമയം അമിത വേഗതയിൽ സഞ്ചരിക്കും എന്നതിനാൽ മേൽപാലത്തിന് കൂടുതൽ ബലം ലഭിക്കുന്നതിനായി രണ്ടറ്റങ്ങളിൽ നിന്നും ഇരുവശങ്ങളിലുമായി മതിൽ നിർമിക്കുന്ന (retaining wall ) രീതിയാണ് സ്വീകരിച്ചു വരുന്നത്. ഇത്തരത്തിൽ തട മതിൽ കെട്ടിയുള്ള ഫ്ലൈഓവറാണ് മണത്തല മുല്ലത്തറയിലും വരാനിരിക്കുന്നത്.

നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മണത്തല ഗവ ഹയർസെക്കണ്ടറി സ്‌കൂളും പതിനായിരങ്ങൾ എത്തുന്ന നേർച്ചാഘോഷം നടക്കുന്ന മണത്തല ജുമാമസ്ജിദും ഇവിടെയാണ്‌ ഉള്ളത്. തട മതിൽ കെട്ടിയുള്ള രീതിയിൽ മേൽപ്പാലം പണിതാൽ കാൽനട യാത്രികരായ വിദ്യാർത്ഥികളും നാട്ടുകാരും ദുരിതത്തിലാകും.

മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബ്ലാങ്ങാട് ബീച്ച്, നാലുമണിക്കാറ്റ്, മറൈൻ വേൾഡ്, ആന ക്കോട്ട, ചേറ്റുവ കണ്ടൽ ദ്വീപുകൾ, തീർത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂർ ക്ഷേത്രം, പാലയൂർ ചർച്ച്‌ എന്നിവയിലേക്കും ഇതുവഴിയുള്ള സർവീസ് റോഡ് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം അനേകമാണ്.

ഇവിടെ തട മതിൽ ( retaining wall ) ഒഴിവാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മേൽപ്പാലം (flyover ) പണിയണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. വിവിധ സംഘടനകളും വിഷയം ഏറ്റെടുത്ത് രംഗത്ത് വന്നുതുടങ്ങിയിട്ടുണ്ട്.

thahani steels

Comments are closed.