mehandi new

പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷാ നടപടി’ – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി

fairy tale

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷാ നടപടി’. താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരന് ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്നാണ് കാലിനു തളർച്ച ബാധിച്ചത്. ഈ സംഭവത്തിലെ പ്രതിയായ പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം നൽകിയാണ് ആരോഗ്യ വകുപ്പിന്റെ തലോടൽ.

planet fashion

സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടറെ കഴിഞ്ഞ 16-നാണ്  ജോലിയിൽ നിന്ന് ഒഴിവാക്കിയത്. താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിലായിരുന്നു ഡോക്ടർ സേവനം ചെയ്തിരുന്നത്. എന്നാൽ പുരുഷ നഴ്സിനെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

ഡിസംബർ ഒന്നിന് വൈകീട്ട് ആറോടെയാണ് കടുത്ത തലവേദനയെ തുടര്‍ന്ന് പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിൻ്റെ മകൻ മുഹമ്മദ് ഗസാലി മാതാവ് ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടറെ അവർ കാണിച്ചപ്പോൾ ഡോക്ടർ വേദനക്കും ഛർദിക്കും രണ്ട് ഇൻജക്ഷൻ എഴുതി നൽകുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന പുരുഷ നഴ്സ് മുറിയിലേക്ക് കൊണ്ടുപോയി ആദ്യം കൈയിൽ ഇൻജക്ഷൻ ചെയ്തു. ഇതോടെ കയ്യിൽ നിര് വന്ന് വീർത്തു. പിന്നീട് അരക്കെട്ടിൽ പിൻഭാഗത്ത് ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ പുരുഷ നഴ്സ് അക്ഷമനായി മരുന്ന് നിറച്ച സിറിഞ്ചു ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ക്ഷമാപണത്തോടെ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് ആഞ്ഞ് കുത്തുകയായിരുന്നു. അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഇടതു കാൽ പൂർണ്ണമായും വേദനയുള്ള അവസ്ഥയിലുമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കയ്യിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് പരാതി.

ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിൽ ഡോക്ടറെ ഒന്നും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ അന്വേഷണത്തിനെത്തിയ ജില്ലാ മെഡിക്കൽ സംഘത്തിനോടു ആരോപണ വിധേയനായ പരുഷ നഴ്സിനെ സംരക്ഷിക്കുന്ന തരത്തിലാണ് നഴ്സിങ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് മൊഴി നൽകിയത്. പുരുഷ നഴ്സിനെതിരെ മുൻപും പരാതിയുണ്ടായിരുന്നവെന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാറിൻ്റെ വെളിപ്പെടുത്തലിനെതിരെയും വിമർശനമുയർത്തിയിരുന്നു. ഡോക്ടറെ ബലിയാടാക്കി പുരുഷ നഴ്സിനെ സംരക്ഷിച്ച ആരോഗ്യ വകുപ്പിൻ്റെ നടപടിയിൽ ഡോക്ടർമാർക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്.

Comments are closed.