ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു – പുന്നയൂർക്കുളം പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്
പുന്നയൂർക്കുളം: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു. പുന്നയൂർക്കുളം പഞ്ചായത്തിൽ പരൂർ ഒമ്പതാം വാർഡിൽ മൃഗാശുപത്രിക്ക് മുകളിൽ പ്രവർത്തനം തുടങ്ങിയ സ്കിൽ ഡെവലപ്മെന്റ് സെന്ററാണ് പഞ്ചായത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെയും പൊതു പരിപാടികൾക്ക് വിട്ടു നൽകാതെയും നശിച്ചു കൊണ്ടിരിക്കുന്നത്.
നൈപുണ്യ വികസന കേന്ദ്രത്തിന്റെ സീലിംഗ് അടർന്നുവീണു. നിർമാണത്തിലെ അപാകതയാണെന്നാണ് ആക്ഷേപം. ഷീറ്റ് മേഞ്ഞ മേൽക്കൂര ചോരുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നെങ്കിലും പരിഹരിച്ചിരുന്നില്ല. ജിപ്സം ബോർഡിൽ നിർമിച്ച സീലിംഗ് മഴനനഞ്ഞു കുതിർന്ന് വീഴുകയായിരുന്നു. ഈ വഴി ആരും വരാത്തതിനാൽ സീലിംഗ് വീണ വിവരംപോലും ബന്ധപ്പെട്ടവർ അറിഞ്ഞിട്ടില്ല. പരൂർ മൃഗാശുപത്രിക്ക് മുകളിൽ നിർമിച്ച കെട്ടിടം 2019 ഡി സംബറിലാണ് തുറന്നത്.
പഞ്ചായത്തിലെ യുവതി യുവാക്കൾക്ക് വിവിധ മേഖലയിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുക, വ്യത്യസ്‌ത തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുക എന്നിവയായിരുന്നു ഉദ്ദേശ്യം. അഞ്ചു വർഷത്തിനിടെ വിരലിലെണ്ണാവുന്ന പരിപാടികൾ മാത്രമാണ് ഇവിടെ നടന്നത്. പൊതു ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. ഉപ യോഗിക്കാത്തതിനാൽ ഹാൾ പൊടി നിറഞ്ഞ നിലയിലായിരുന്നു. കെട്ടിടത്തിന്റെ താഴെ പ്രവർത്തിക്കുന്ന മൃഗാശുപ്രതിയുടെ പരിപാടിപോലും മൂന്നു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ഹാളിലാണ് നടത്താറ്.
100 പേർക്ക് ഇരിക്കാവുന്ന ഹാളിൽ ക്ലാസ് നടത്താനുള്ള പ്രൊജക്ടർ, സ്ക്രീൻ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങളും സൗണ്ട് സിസ്റ്റം, ആംപ്ലിഫയർ, മൈക്ക്, ഫാൻ, റൈറ്റിംഗ് പാഡ്, കസേര, തുടങ്ങിയവയെല്ലാം ഉപയോഗിക്കാത്തതിനാൽ നശിക്കുകയാണ്.
നൈപുണ്യ വികസന കേന്ദ്രത്തിനോടുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബു പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് പരാതി നൽകി. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ഇവിടെ പരിപാടിയൊന്നും അധികൃതർ നടത്തുന്നില്ല. പൊതു ആവശ്യങ്ങൾക്ക് പോലും വിട്ടു നൽകാതെ കേന്ദ്രം പൊടിപിടിച്ചു നശിപ്പിക്കുന്ന അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിഷയത്തിൽ വരുന്ന ദിവസങ്ങളിൽ ജില്ലാ കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് വകുപ്പുതല മേധാവികൾ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബുതാഹിർ, പി രാജൻ, ടിപ്പു ആറ്റുപ്പുറം, സലീൽ അറക്കൽ, കെ.പി. ധർമ്മൻ, അഷ്‌കർ അറക്കൽ, ബക്കർ തോട്ടേക്കാടൻ കെ.വി. കുഞ്ഞുമൊയ്തു തുടങ്ങിയവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
Comments are closed.