mehandi new

തൊഴിയൂർ സുനിൽ വധക്കേസ്​: മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം മൂന്നാം പ്രതി പിടിയിൽ

fairy tale

തൃശൂർ: ​ ആർ. എസ്​. എസ്​ പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട്​ പ​ങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ്​സാനിയ എന്ന  സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന ഷാജുവിനെ (55)​ തൃശൂർ ക്രൈംബ്രാഞ്ച്​ പിടികൂടി. ജൂലൈ 20ന്​ കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ​ പിടികൂടിയത്​.  വിദേശത്ത്​ ജോലി ചെയ്തിരുന്ന ഷാജുദ്ദീൻ നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ്​ ക്രൈംബ്രാഞ്ച്​ നോട്ടിസ്​ പ്രകാരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും പിടികൂടുകയും ചെയ്തത്​. ​തെളിവെടുപ്പും തിരിച്ചറിയൽ പരേഡും പൂർത്തിയായി. തൃശൂർ സബ്​ ജയിലിൽ റിമാൻഡിലാണുള്ളത്​.

planet fashion

1994 ഡിസംബർ നാലിന് നടന്ന കൊലപാതക കേസിലെ ഒമ്പത്​ പേരിൽ ആറ്​ പേർ ഇതോടെ പിടിയിലായി. ചേകന്നൂർ മൗലവി തിരോധാന കേസിലെ മുഖ്യപ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സെയ്​തലവി അൻവരി, നവാസ്​ എന്നിവരെയാണ്​ ഇനി പിടികൂടാനുളളത്​. ഒരു പ്രതി മരണ​പ്പെട്ടിരുന്നു. 

സുനിൽ വധക്കേസിൽ സി.പി.എം ​പ്രവർത്തകരും കോൺഗ്രസ്​ പ്രവർത്തകനും ഉൾപ്പെടെ ഒമ്പത്​ പേരെ പ്രതി ചേർത്താണ്​ ​ഗുരുവായൂർ പൊലീസ്​ നേരത്തേ കേസ്​ എടുത്തിരുന്നത്​. നാല്​ പേരെ വിചാരണ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഹരജിയിൽ ഹൈകോടതി ജീവപര്യന്തം തടവ്​ റദ്ദാക്കുകയും പുനരന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന്​ ക്രൈംബ്രാഞ്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ‘ജംഇയത്തുൽ ഇഹ്​സാനിയ’ സംഘടനയുടെ ഒമ്പത്​ പ്രവർത്തകരാണ്​ കൊലപാതകം നടത്തിയതെന്ന്​ വ്യക്​തമായത്​. അഞ്ച്​ പേരെ നേരത്തേ അറസ്റ്റ്​ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന്​ ബാക്കി പ്രതികൾക്കായി നടത്തിയ അന്വേ​ഷണത്തിലാണ്​ ഷാജുദ്ദീനെ പിടികൂടാൻ സാധിച്ചത്​. നവാസ്​ വിദേശത്ത്​ ജോലി ചെയ്യുകയാ​ണെന്നാണ്​ സൂചന. സെയ്തലവി അൻവരിയെ സംബന്ധിച്ച്​ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി പി.എം. മനോജ്​, ഡിറ്റക്ടീവ്​ എസ്​.ഐ. തോംസൺ ആന്‍റണി, എസ്​.ഐ. പ്രേമൻ, എ.എസ്​.ഐ അജിത്​ നായർ, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ സുധീർ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. 

സുനിൽ വധക്കേസിൽ അന്യായമായി അറസ്റ്റ്​ ചെയ്യ​പ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവർക്ക്​ ഏതാനും ആഴ്ച മുമ്പ്​ സംസ്ഥാന സർക്കാർ അഞ്ച്​ ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഹരിദാസ് പൊലീസ്​ മർദനത്തെ തുടർന്ന് ക്ഷയരോഗബാധിതനായി പത്തുവർഷം മുമ്പ്​ മരിച്ചിരുന്നു.

Macare 25 mar

Comments are closed.