തൃത്തല്ലൂരിൽ ടയർ കട കത്തി നശിച്ചു – നാട്ടുകാരുടെ ജാഗ്രത വൻ ദുരന്തം ഒഴിവായി

വാടാനപ്പള്ളി : തൃത്തല്ലൂരിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ടയർ കട കത്തിനശിച്ചു. സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന യുണീക്ക് വീൽസ് എന്ന ടയർ കടക്കാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. ഉടമ തേറമ്പിൽ നിധിൻരാജ് കട അടച്ച് വീട്ടിൽ പോയ നേരത്താണ് കടയുടെ നടുഭാഗത്തായി തീ ഉയരുന്നത് നാട്ടുകാരും ഇതുവഴി പോയിരുന്നവരും കണ്ടത്. ഉടനെ ആശാൻ റോഡ് പടിഞ്ഞാറ് താമസിക്കുന്ന നിധിൻ രാജിനെ വിളിച്ചു വരുത്തുകയായിരുന്നു. തൃപ്രയാറിൽ നിന്ന് മൂന്ന് യൂനിറ്റും ഗുരുവായൂരിൽ നിന്ന് രണ്ട് യൂണിറ്റും അഗ്നി സുരക്ഷ സേന പ്രവർത്തകരും വാടാനപ്പള്ളി പൊലീസും സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വളരെ പാടുപെട്ട് തീയണച്ചെങ്കിലും കട പൂർണ്ണമായും കത്തി ചാമ്പലായി. സമീപം പടക്കകടയടക്കം മറ്റ് കടകളും പ്രവർത്തിക്കുന്നുണ്ട്. വീടുകളുമുണ്ട്. തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ടയർ കടയിലെ പുതിയ ടയറുകൾ അടക്കം നിരവധി ടയറുകളും ഓയിലും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശമാണ് ഉണ്ടായത്.


Comments are closed.