ദേശീയപാത നിർമ്മാണം പൂർത്തിയാവാതെ നാട്ടികയിൽ ടോൾ പിരിവ് : ജില്ലാ കളക്ടർക്ക് ഗീതാ ഗോപി എംഎൽഎ പരാതി നൽകി

തൃപ്രയാർ: ദേശീയപാത 66-ലെ നാട്ടിക ടോൾ ബൂത്തിൽ ഒക്ടോബർ 8 മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടിക എം.എൽ.എ ഗീതാ ഗോപി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കത്ത് നൽകി. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ് തുടങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവന്റെ സുരക്ഷ ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ പാലങ്ങൾ, അപ്രോച്ച് റോഡുകൾ, അടിപ്പാതകൾ (അണ്ടർപാസുകൾ) എന്നിവയുടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ഡ്രൈനേജ് സിസ്റ്റം, ഡിവൈഡറുകൾ, സർവ്വീസ് റോഡുകൾ എന്നിവയുടെ പണികളും പകുതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇത്തരം ഗുരുതരമായ പോരായ്മകൾ നിലനിൽക്കെ, എൻഎച്ച്എഐയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായി ടോൾ പിരിവ് തുടങ്ങാനുള്ള നീക്കം അടിയന്തരമായി നിർത്തിവെക്കാൻ ഇടപെടണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ. എം. കിഷോർ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. പി. സന്ദീപ് എന്നിവർക്കൊപ്പമാണ് എം.എൽ.എ കളക്ടർക്ക് നിവേദനം നൽകിയത്.




Comments are closed.