കച്ചവട തർക്കം – ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു


ഗുരുവായൂർ : വ്യാപാരികള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു. കിഴക്കേനടയില്‍ സത്രംഗേറ്റിന് സമീപമുള്ള രണ്ട് വ്യാപാരികള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം ക്ഷേത്രപരിസരത്ത് വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ദേവസ്വത്തിന്റെ സത്രം വളപ്പിലുള്ള താൽക്കാലിക കടക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്. നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കി വെക്കുന്നതും കടകളിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നതും സംബന്ധിച്ച തർക്കമാണ് വാൾ വീശലിലേക്ക് എത്തിയത്. കടകളിലെ ജോലിക്കാർ തമ്മിൽ ഉണ്ടായ സംഘർഷം അറിഞ്ഞെത്തിയ കടയുടമ രാഹുലിന്റെ നേതൃത്വത്തിലാണ് വാളുമായെത്തി ഭീഷണി മുഴക്കിയത്. രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
രാഹുലിന്റെ കടയിലെ ജീവനക്കാരൻ വടകര സ്വദേശി ശശിയുടെ പരാതിയിൽ ഭീഷണിക്ക് വിധേയനായ ബ്ളാങ്ങാട് സ്വദേശി സുനിൽ കുമാറിനെതിരെയും പോലീസ് കേസ് എടുത്തു.
അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ നിസ്സാരവൽക്കുന്നതിൽ ഭക്തരിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.

Comments are closed.