ചാവക്കാട് പെട്ടി ഓട്ടോയിൽ കടത്താൻ ശ്രമിച്ച 74 കുപ്പി മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

ചാവക്കാട് : പാലുവായിൽ പെട്ടി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 74 കുപ്പി മാഹി മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം ചെറുവത്താനി സ്വദേശി രാജേഷ്, തൃശൂർ സ്വദേശി രാജേഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ചാവക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ‘ഓപ്പറേഷൻ തീഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 12:30 ഓടെയാണ് പാലുവായിൽ പരിശോധന നടത്തിയത്.
മാഹിയിൽ നിന്ന് മാസങ്ങളായി ട്രെയിൻ മാർഗം മദ്യമെത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്തു വരികയായിരുന്നു പ്രതികൾ. പെട്ടി ഓട്ടോറിക്ഷയിൽ ചാക്കിൽ മദ്യം കടത്തിയാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണയിലാണ് വാഹനം ഉപയോഗിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷ്, ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സുദർശനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.



Comments are closed.