യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ്

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച യു ഡി എഫ് നുണ പറച്ചലിൽ അഭയം തേടിയിരിക്കുകയാണെന്ന് സി സുമേഷ്. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തുവെന്നും ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് വത്സന്റെ കുടുംബത്തിന് നൽകിയത്. ബാക്കി 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്നും കെ പി വത്സലന്റെ മകൻ നിരഞ്ജൻ പറഞ്ഞു വെന്നും യു ഡി എഫ് നേതൃത്വത്തോട് സഹായം ആവശ്യപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം ഡി സി സെക്രട്ടറി ഗോപ പ്രതാപൻ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ് വാർത്താ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ചാവക്കാട് നഗരപിതാവായിരുന്ന കെ പി വത്സലൻ്റെ കൊലപാതകം കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്ത തരത്തിലുള്ള കൊലപാതകമാണ്. ഇതുപോലെ തെരഞ്ഞെടുപ്പു അട്ടിമറിക്കാൻ 2006 ൽ ആസൂത്രണം ചെയ്തതാണ് നഗരപിതാവിൻ്റെ കൊല. ഗുരുവായൂരിലെ ജനത ഇരുപതല്ല നാല്പതു കൊല്ലം കഴിഞ്ഞാലും അത് മറക്കില്ലെന്നും യുഡിഎഫിനെ പരാജയപ്പെടുത്തുമെന്നും വത്സലൻ്റെ മകൻ നിരഞ്ജൻ പറഞ്ഞതിന് യുഡിഎഫ് നേതൃത്വം ഇപ്പോൾ വത്സലൻ്റെ മകനെ തന്നെ വേട്ടയാടുകയാണ്. വയനാടു ഫണ്ടും, പ്രളയ ഫണ്ടും, നേതാക്കൻമാർക്ക് സ്മാരകം പണിയാൻ പിരിച്ച ഫണ്ടും, സ്വന്തം പാർട്ടിക്കാരെ തന്നെ കൊന്നു തള്ളി അതിൻ്റെ പേരിൽ പിരിച്ച ഫണ്ടുമൊക്കെ മുക്കിയ ശവംതൂക്കികളായ യു ഡി എഫ് തങ്ങൾക്കുനേരെ ജനം വിരൽ ചൂണ്ടുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ തങ്ങൾ തന്നെ അറുംകൊല ചെയ്ത കെ പി വത്സലൻ്റെ കുടുംബത്തിൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ്. ഏതു കാലത്തും കുടുംബ സഹായ ഫണ്ടുകൾ മുക്കിയ പാരമ്പര്യം യു ഡി എഫിന് അവകാശപ്പെട്ടതാണ്. സ്വയം കണ്ണാടി നോക്കി അത് സി.പി.എം ആണെന്ന് ചില കോൺഗ്രസ്സ് ലീഗ് നേതാക്കൾ തെറ്റുധരിച്ചുവെന്നാണ് കരുതേണ്ടത്. കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൻ്റെ കൃത്യമായ കണക്ക് സിപിഎം അതിൻ്റെ ഘടകങ്ങളിലും പൊതുജനമധ്യത്തിലും അവതരിപ്പിച്ചതാണ്. പിരിച്ച പണം സഖാവിൻ്റെ മകൻ, ഭാര്യ, അമ്മ,അച്ഛൻ എന്നിവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിൻ്റെ രേഖ പൊതുജനമധ്യത്തിൽ വെച്ചാണ് പാർട്ടി നേതാക്കൾ കുടുംബത്തിന് കൈമാറിയത്.
ഇതിനെ സംബന്ധിച്ച് 20 കൊല്ലമായി ആർക്കും പരാതിയുണ്ടായിട്ടില്ല. കേരള ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ സംഭവിക്കാൻ പാടില്ലാത്ത തങ്ങൾ നടത്തിയ നഗരപിതാവിൻ്റെ കൊലപാതകം തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിനെ വേട്ടയാടുമ്പോൾ ശ്രദ്ധ തിരിക്കാനും എൽ ഡി എഫിന് കിട്ടുന്ന അഭൂതപൂർവ്വമായ ജനപിന്തുണ തകിടം മറിക്കാനുമുള്ള വൃഥാ ശ്രമത്തിൻ്റെ ഭാഗമാണ് ഈ ആരോപണം.
സ്വന്തം പാർട്ടിക്കാരനായ തിരുവത്ര എ സി ഫനീഫയെ അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് കുത്തിമലർത്തിയ കോൺഗ്രസ്സുകാരുടെ ചരിത്ര്യ പ്രസംഗം കേട്ട് ജനം ഊറി ചിരിക്കുകയാണ്.
തൻ്റെ മകനെ കൊല്ലാൻ ഗുണ്ടകളെ വിട്ടത്ആരെന്ന് ഹനീഫയുടെ ഉമ്മപരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത് നാം കേട്ടതാണ്.
ഹനീഫ വധത്തിൽ നേരിട്ട് പങ്കുണ്ടെന്ന ബോധ്യപ്പെട്ടപ്പോഴാണ് അന്നത്തെ കെപിസിസി നേതൃത്വം അന്നത്തെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ഗോപപ്രതാപനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയത്. അന്ന് യു ഡി എഫ് ഭരണത്തിൻ്റെ മറവിൽ തെളിവുകൾ അട്ടിമറിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ യു ഡി എഫി ന് വേണ്ടി ഗീർവാണ പ്രസംഗം നടത്തുന്ന ഗോപപ്രതാപൻ അഴിയെണ്ണുമായിരുന്നു. തങ്ങളെ കോൺഗ്രസ്സ് നേതൃത്വം വഞ്ചിച്ചെന്ന് കൊല്ലപ്പെട്ട എ സി ഹനീഫയുടെ ഭാര്യക്ക് പരസ്യമായി പറയേണ്ടി വന്നപ്പോളാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഹനീഫ കുടുംബ സഹായ ഫണ്ട് പോലും കൈമാറാൻ ഇവർ തയ്യാറായത്. അതിലും വഞ്ചനയും വെട്ടിപ്പും നടന്നുവെന്നാണ് ഹനീഫയുടെ ഭാര്യയുടെ പരസ്യ പ്രതികരണം സൂചിപ്പിക്കുന്നത്.
ഈ യു ഡി എഫ് നേതൃത്വമാണ് ഇപ്പോൾ അവർ തന്നെ കുത്തിമലർത്തിയ വത്സലൻ്റെ പേരിൽ ദുഷ്പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. യു ഡി എഫിൻ്റെ സ്ഥാനാർത്ഥിയുടെ അധാർമിക രാഷ്ട്രീയത്തിൻ്റെ യഥാർത്ഥ മുഖം ജനം തിരിച്ചറിഞ്ഞപ്പോഴാണ് ഈ പ്രചരണം യു ഡി എഫ് നടത്തുന്നത്.
ഗുരുവായൂരിലെ ജനാധിപത്യവിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും കെ പി വത്സലനെയും എസി ഹനീഫയേയും കൊന്നു തള്ളിയവരെ ജനം ചവറ്റുക്കൊട്ടയിലെറിയണമെന്നും എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ് പറഞ്ഞു.

Comments are closed.