വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട് : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന ‘സാഹോദര്യ കേരള പദയാത്ര’ യെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു. “നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 27 ന് കോഴിക്കോട് സമാപിക്കും.

മെയ് 2,3,8,9 തിയ്യതികളിൽ ജില്ലയിലെ കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ഗുരുവായൂർ, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളിലാണ് പദയാത്ര നടക്കുക. മെയ് 9 ന് ഗുരുവായൂർ മണ്ഡലത്തിൽ എത്തുന്ന സംസ്ഥാന പദയാത്രയുടെ ജില്ലാ പര്യടനം ചാവക്കാട് സമാപിക്കും. ആയിരങ്ങൾ അണിനിരക്കുന്ന പദയാത്രയെ സമൂഹത്തിലെ വിവിധ സാമുദായിക സാംസ്കാരിക പ്രവർത്തകരും നേതാക്കളും അഭിവാദ്യം ചെയ്യും. രാവിലെയും വൈകുന്നേരവുമായി ദിവസവും പത്ത് മുതൽ പതിനഞ്ച് വരെ കിലോമീറ്ററുകളാണ് പദയാത്ര സഞ്ചരിക്കുന്നത്.
വിവിധ സാമൂഹിക ജനവിഭാഗങ്ങളിലെ നേതാക്കൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ, ജനകീയ സമര നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാന ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദർശനം, തെരുവ് നാടകം, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തി നടത്തുന്ന സാഹോദര്യ കേരള പദയാത്രയിൽ ഫാസിസ്റ്റ് വിരുദ്ധരായ ജനാധിപത്യ വിശ്വാസികൾ അണിചേരുന്നുണ്ടെന്നും അഡ്വ. കെ.എസ്. നിസാർ (ജില്ലാ പ്രസിഡൻ്റ്), ആരിഫ് മുഹമ്മദ് പി.ബി (ജില്ലാ ട്രഷറർ), സുഹൈബ് അലി (ജില്ലാ സെക്രട്ടറി), ഷെമീറ നാസർ (ജില്ലാ അസി. സെക്രട്ടറി) എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments are closed.