ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്നുനടത്തിയ അന്വേഷണത്തിൽ ഹംസയെ (51) വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുക്കയായിരുന്നു. ഞായറാഴ്ച കക്കുപ്പടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വെള്ളിയാഴ്ച അർധരാത്രിയിൽ മദ്യലഹരിയിലായിരുന്ന ഹംസ ഇരുമ്പുദണ്ഡുപയോഗിച്ച് ശെൽവിയുടെ തലയ്ക്കടിക്കുകയും മരണമുറപ്പാക്കാൻ പ്ലാസിറ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കിയശേഷം കത്തിയുപയോഗിച്ച് വയറിൽ കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ശേഷം കിണറ്റിലേക്ക് മൃതദേഹം തള്ളിയിടുകയും പുലർച്ചെ മൂന്നുമണിയോടെ ബൈക്കിൽ വടക്കേക്കാട്ടേക്ക് പോവുകയും ചെയ്തതായും പോലീസ് പറഞ്ഞു.
ഒൻപതുവർഷം മുമ്പ് ഹംസയുടെ ചട്ടിത്തറയിലുള്ള വീട്ടിലേക്ക് പണിക്കായി തമിഴ്നാട്ടിലെ വില്ലുപുരത്തെ കള്ളക്കുറിശ്ശിയിൽനിന്ന് എത്തിയതായിരുന്നു ശെൽവി. ഹംസയ്ക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ശെൽവിക്കും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. വീട്ടിൽവെച്ച് അടുപ്പത്തിലായ ഹംസയും ശെൽവിയും രണ്ടുവർഷം മുമ്പ് വയനാട്ടിലേക്ക് നാടുവിട്ടു. തുടർന്നാണ് അട്ടപ്പാടിയിലെ പാടവയലിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഹംസ ലോട്ടറിക്കച്ചവടവുമായും ശെൽവി തൊഴുലുറപ്പ് ജോലിക്കും പോയാണ് ജീവിതം കഴിഞ്ഞിരുന്നത്. ശെൽവിയോടുള്ള സംശയം കാരണം നിരന്തരം മദ്യപിച്ച് കലഹിക്കുന്നത് പതിവായതോടെ വീട്ടുടമസ്ഥൻ മാറിത്തരാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ഒരാഴ്ച മുമ്പാണ് കക്കുപ്പടിയിലേക്ക് ഇരുവരും താമസം മാറിയതെന്നും പറയുന്നു.
എ.എസ്.പി. പദംസിങ്, അഗളി സി.ഐ. ബി.കെ. സുനിൽകൃഷ്ണൻ, എസ്.ഐ. രതീഷ്, ഷേണു, എസ്.സി.പി.ഒ. ദേവസ്യ, സുന്ദരി, സി.പി.ഒ. ഗോപൻ, ശ്രീരാജ്, അബുജാഫർ എന്നിവരുടെ നേതൃത്വത്തിലാണ് ഹംസയെ പിടികൂടിയത്.
Comments are closed.