പുന്നയൂര്‍ക്കുളം : കമലാസുരയ്യ സ്മാരകത്തില്‍ സാഹിത്യ അക്കദമി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം സമാപിച്ചു. അവഗണിക്കപ്പെടുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് പുതിയ കാലത്തിന്റെ സാഹിത്യമായി മാറുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളെഴുതുമ്പോള്‍ അതുവരെ അജ്ഞാതമായിരുന്ന പുതിയലോകങ്ങള്‍ തുറക്കപ്പെടുന്നു. എഴുത്തുകാരികള്‍ പ്രതിരോധത്തിന്റെ പതാകവാഹകരാകുമെന്നാണ് എഴുത്തുകാരികളുടെ സംഗമം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് അദ്ധ്യക്ഷയായി. പ്രതിനിധികള്‍ക്കുള്ള സാക്ഷ്യപത്രവിതരണം വൈശാഖന്‍ നിര്‍വഹിച്ചു. അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍, ഫസീല എന്നിവര്‍ സംസാരിച്ചു. കമലാസുരയ്യയുടെ രചനകളെ മുന്‍ നിര്‍ത്തി നടന്ന സെമിനാറില്‍ അക്കാദമി അംഗം ബി.എം.സുഹ്‌റ മോഡറേറ്ററായി. തമിഴ് എഴുത്തുകാരി കെ.വി.ശൈലജ, ടി.വി.സുനീത, മിനി പ്രസാദ്, മിനി ആലീസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വി സീതമ്മാള്‍, ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: വനിതാ എഴുത്തുകാരുടെ സംഗമത്തിന്റെ സമാപനസമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സംസാരിക്കുന്നു