ലോക പ്രമേഹ ദിനം ആചരിച്ചു; ഗുരുവായൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സൗജന്യ പ്രമേഹ-രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പും ബോധവൽക്കരണ ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ശബരിമല സീസണോടനുബന്ധിച്ച് ഭക്തജനത്തിരക്കേറിയ പടിഞ്ഞാറേ നടയിൽ ഹയാത്ത് ഹോസ്പിറ്റൽ, പൊന്നറ ജ്വല്ലറി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

ചൊവ്വന്നൂർ ഹെൽത്ത് ഇൻസ്പെക്ടർ ഇൻ-ചാർജ്ജ് അജയ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൺസോൾ ആക്ടിംഗ് പ്രസിഡന്റ് ഹക്കിം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.
പ്രമേഹ രോഗത്തെക്കുറിച്ചും, രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രോഗ്രാം കൺവീനറും ഗ്ലോബൽ കോർഡിനേറ്ററുമായ ജമാൽ താമരത്ത് വിശദമായ ബോധവൽക്കരണ ക്ലാസ്സെടുത്തു. കൺസോൾ ട്രസ്റ്റി സി.എം. ജനീഷ് ബോധവൽക്കരണ സന്ദേശം നൽകി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അലി സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനറും സെക്രട്ടറിയുമായ പി.വി. അബ്ദുമാഷ് നന്ദിയും പറഞ്ഞു.
ഇരുന്നൂറോളം പേർ ക്യാമ്പിൽ രക്തപരിശോധനയും പ്രഷർ പരിശോധനയും നടത്തി. ഹയാത്ത് ഹോസ്പിറ്റലിലെ മെഡിക്കൽ ടീം അംഗങ്ങളും കൺസോൾ സ്റ്റാഫ് അംഗങ്ങളായ സൈനബ, സൗജത്ത് എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.



Comments are closed.