ചേർപ്പ് : പശുവിന് തീറ്റക്കുള്ള പുല്ല്കെട്ടുകളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെ പാടത്തെ വെള്ളം നിറഞ്ഞ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചാഴൂർ ദുബൈ റോഡിന് സമീപം തൊഴുത്തുംപറമ്പിൽ പരേതനായ രാമദാസിന്റെ മകൻ ബിനിൽ (39) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പള്ളിപ്പുറം പാടത്തായിരുന്നു അപകടം. രാവിലെ പുല്ല് ശേഖരിക്കാൻ പോയ ബിനിലിനെ ഉച്ച കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് പോയപ്പോഴാണ് റോഡിനോട് ചേർന്നുള്ള തോട്ടിലെ വെളളത്തിലേക്ക് പുല്ല് കെട്ടുകൾ സഹിതം മറിഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറിനടിയിൽ പെട്ട് തല ഭാഗം വെളളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയാണ് മരണം സ്ഥിരീകരിച്ചത്. ചേർപ്പ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: അംബിക. ഭാര്യ: ചിഞ്ചു. മകൻ: ഭഗത്. സഹോദരി: ബിൻടി
Comments are closed.